മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് മമ്മൂട്ടി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി കമ്പനി എന്നാണ് പുതിയ നിർമ്മാണ കമ്പനിയുടെ പേര്. ലിജോ ജോസ് പെല്ലിശേരിയാണ് ചിത്രത്തിൻറ്റെ സഹ നിർമ്മാണം. എസ് ഹരീഷ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് വേളാങ്കണ്ണിയിൽ ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട് കേന്ദ്രീകരിച്ച് ഷൂട്ടിംങ് പുരോഗമിക്കുന്ന ചിത്രത്തിൻറ്റെ പ്രധാന ലൊക്കേഷൻ പഴനിയാണ്. നാൽപത് ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടിക്ക് പുറമേ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ അശോകനാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. പേരൻപ്, കർണൻ, പുഴു തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വറാണ് നൻപകൽ നേരത്ത് മയക്കത്തിൻറ്റെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വം, സവാഗതയായ റത്തീന ഷർഷാദ് ഒരുക്കുന്ന പുഴു, സിബിഐ അഞ്ചാം ഭാഗം എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ മലയാള ചലച്ചിത്രങ്ങൾ. കെട്ട്യോളാണ് എൻറ്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മാമാങ്കത്തിന് ശേഷം വേണു കുന്നപ്പിള്ളി ഒരുക്കുന്ന ചിത്രത്തിലുമാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമേ ഒരു തെലുങ്ക് ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. അഖിൽ അക്കിനേയി നായകനായി എത്തുന്ന ഏജൻറ്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിലെ പ്രതിനായകനായാണ് മമ്മൂട്ടി വേഷമിടുന്നത്.