ജയസൂര്യയും നമിതയും ഒന്നിക്കുന്ന ‘ഈശോ’ മോഷൻ പോസ്റ്റർ പുറത്തിറക്കി മമ്മൂട്ടി | Nadhirsha Movie Eesow

Nadhirsha Movie Eesow : ജയസൂര്യയെയും നമിത പ്രമോദിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഈശോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. തൻറ്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഇത് ബൈബിളിൽ ഉള്ള ഈശോയല്ല എന്ന ടാഗ് ലൈനും ഒപ്പം കൊടുത്തിട്ടുണ്ട്. പോസ്റ്ററിൽ വളരെ നിഗൂഡമായ ലുക്കിലാണ് ജയസൂര്യ കാണപ്പെടുന്നത്. ഒരു ത്രില്ലർ ചിത്രമാണ് ഈശോയെന്നാണ് റിപ്പോർട്ടുകൾ. ജയസൂര്യ, നമിത പ്രമോദ്, ജാഫർ ഇടുക്കി എന്നിവരാണ് മുഖ്യവേഷത്തിലെത്തുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ അരുൺ നാരായണൻ നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സുനീഷ് വരനാഥനാണ്. ജേക്സ് ബിജോയിയും നാദിർഷയും ചേർന്നാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സുജേഷ് ഹരിയാണ് ചിത്രത്തിൻറ്റെ ഗാനരചയിതാവ്. ഛായാഗ്രഹണം റോബി വർഗീസ് രാജ് നിർവഹിക്കുന്നു. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിനു ശേഷം നാദിർഷ, ജയസൂര്യ, നമിത പ്രമോദ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം കൂടിയാണ് ഈശോ.
നാദിർഷ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഈശോ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി എന്നിവ തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രങ്ങളായിരുന്നു. നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിൻറ്റെ നാഥൻ എന്ന ചിത്രം ഇപ്പോൾ റിലീസ് കാത്തിരിക്കുകയാണ്. ദിലീപ് തീർത്തും മറ്റൊരു ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണിത്. ദിലീപിനു പുറമേ ഉർവശി, അനുശ്രീ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വെള്ളം എന്ന സിനിമയാണ് ജയസൂര്യയുടെ ഒടുവിൽ റിലീസായ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ജി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലാണ് ജയസൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.