പിറന്നാളാശംസകൾക്ക് നന്ദി പറഞ്ഞ് മോഹൻലാൽ

തൻറ്റെ ജൻമദിനത്തിൽ ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ആശംസകളറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് മോഹൻലാൽ. കഴിഞ്ഞ വർഷത്തേ പോലെ തന്നെ ഇത്തവണയും ചെന്നെയിലെ വീട്ടിൽ വച്ച് ആയിരുന്നു പിറന്നാൾ ആഘോഷങ്ങൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. പിറന്നാൾ ആഘോഷത്തിൻറ്റെ ചിത്രങ്ങൾ മോഹൻലാലിൻറ്റെ അടുത്ത സുഹൃത്തായ സമീർ ഹംസ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സിനിമാലോകത്തു നിന്ന് മമ്മൂട്ടി, പൃഥിരാജ്, ഇന്നസെൻറ്റ്, ജയറാം, പ്രിയദർശൻ, ആസിഫ് അലി, സംയുക്ത മേനോൻ, ഭാവന, ആൻറ്റണി പെരുമ്പാവൂർ തുടങ്ങിയവരും മറ്റു നിരവധി പ്രമൂഖരും മോഹൻലാലിനു ആശംസകൾ നേർന്നിരുന്നു. മോഹൻലാലിൻറ്റെ 61-ാം പിറന്നാൾ ആയിരുന്നു ഇന്നലെ.
“ പിറന്നാൾ ആശംസകൾക്ക് ഞാൻ നന്ദി അറിയിക്കുകയാണ്. കോവിഡിൻറ്റെ ഈ പരീക്ഷണകാലത്ത് സോഷ്യൽ മീഡിയയിലൂടെയും ഫോൺ വഴിയും ആശംസകൾ നേരാൻ നിങ്ങൾ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ച് വളരെ വലുതാണ്. നിങ്ങൾ ഓരോരുത്തരെയും ജീവിതത്തിൽ ലഭിച്ചു എന്നതിൽ അനുഗ്രഹീതനാണ് ഞാൻ. സുരക്ഷിതരായി ഇരിക്കാനും കോവിഡ് മുൻകരുതലുകൾ പാലിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. ഓർമ്മിക്കാവുന്ന ഒരു ദിവസം സമ്മാനിച്ചതിന് ഒരിക്കൽകൂടി നന്ദി “. തൻറ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ തനിക്ക് ആശംസകൾ നേർന്ന സിനിമലോകത്തിനും ആരാധകർക്കും നന്ദി അറിയിച്ചത്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൻറ്റെ ഷൂട്ടിംഗ് ബ്രേക്കിലാണ് അദ്ദേഹമിപ്പോൾ. മോഹൻലാൽ സംവിധായകൻ ആകുന്നതുകൊണ്ടു തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നെയാണ്. നെയ്യാൻറ്റിൻകര ഗോപൻറ്റെ ആറാട്ട്, മരക്കാർ അറബിക്കടലിൻറ്റെ സിംഹം എന്നിവയാണ് മോഹൻലാലിൻറ്റെ ഇനി റിലീസാവാനുള്ള ചിത്രങ്ങൾ.