മോഹൻലാൽ ചിത്രം റാമിന് രണ്ട് ഭാഗങ്ങൾ. ഒപ്പം അന്യഭാഷയിലെ പ്രമൂഖ താരങ്ങളും. ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമെന്ന് റിപ്പോർട്ടുകൾ.
മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികളായ ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് റാം. ദൃശ്യം 2 ന് ശേഷം ഈ ചിത്രത്തിനു വേണ്ടിയുളള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും. 2020 ൽ ചിത്രത്തിൻറ്റെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ കോവിഡ് രൂക്ഷമായതോടെ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ടാകുമെന്നതാണ് പ്രധാന റിപ്പോർട്ട്. ഒപ്പം ചിത്രത്തിൽ അന്യഭാഷയിൽ നിന്നുള്ള പ്രമൂഖ താരങ്ങളും ഉണ്ടാകും. ഒരു പാൻ ഇന്ത്യൻ ചിത്രമാകും റാം എന്നാണ് സൂചന. വൈകാതെ തന്നെ ചിത്രത്തിൻറ്റെ അടുത്ത ഘട്ട ചിത്രീകരണം യുകെയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
തെന്നിന്ത്യൻ സുന്ദരി തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു ഡോക്ടറുടെ കഥാപാത്രമാണ് തൃഷയുടേത് എന്നാണ് സൂചന. കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ദുർഗ കൃഷ്ണ, സായ്കുമാർ, ആദിൽ ഹുസൈൻ തുടങ്ങി വലിയൊരു താരനിര മലയാളത്തിൽ നിന്നുമുണ്ടാകും. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ് റാം. താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണിതെന്ന് ജീത്തു ജോസഫ് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. യുകെ, കൊളംബോ, ഡൽഹി, ചെന്നൈ, ധനുഷ്കോടി എന്നിവടങ്ങളാണ് ചിത്രത്തിൻറ്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ.
ഒരുമിച്ചപ്പോഴെല്ലാം മലയാള സിനിമക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ – ജീത്തു ജോസഫിൻറ്റേത്. ഇരുവരും ഒരുമിച്ച ദൃശ്യം 1, ദൃശ്യം 2, 12th മാൻ എന്നിവയെല്ലാം മികച്ച വിജയം നേടിയ ചിത്രങ്ങളായിരുന്നു. ഇരുവരും വീണ്ടും ഒരുമിക്കുമ്പോൾ ഒരു സൂപ്പർഹിറ്റ് ചിത്രം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.