‘ആറാട്ട് ‘ റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് ഈ മാസം 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. മോഹൻലാൽ തന്നെയാണ് ചിത്രത്തിൻറ്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. നെയ്യാറ്റിൻകര ഗോപൻറ്റെ ആറാട്ട് എന്നാണ് ചിത്രത്തിൻറ്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻറ്റെ ട്രയിലറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യം നൽകുന്ന ചിത്രമാണ് ആറാട്ട്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐ എ എസ് ഓഫീസറായാണ് ശ്രദ്ധ ചിത്രത്തിൽ വേഷമിടുന്നത്. വിജയരാഘവൻ, സായികുമാർ, സിദ്ദിഖ്, ജോണി ആൻറ്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രൻസ്, ശിവാജി ഗുരുവായൂർ, കൊച്ചുപ്രേമൻ, പ്രശാന്ത് അലക്സാണ്ടർ, അശ്വിൻ, ലുക്മാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെജിഎഫിലെ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ രാമചന്ദ്ര രാജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഉദയകൃഷ്ണയാണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പുലിമുരുകന് ശേഷം മോഹൻലാലും ഉദയകൃഷ്ണയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ആർ ഡി ഇല്ലുമിനേഷൻസ് ഇൻ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്ച്ചേഴ്സും എം.പി.എം ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം വിജയ് ഉലകനാഥ്, എഡിറ്റിംങ് ഷമീർ മുഹമ്മദ് എന്നിവർ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, രാജിവ് ഗോവിന്ദൻ, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് രാഹുൽ രാജാണ്.