ടെലിവിഷൻ സിരീയലുകളിലൂടെ അഭിനയത്തിലേക്ക് കടന്നു വന്നയാളാണ് മിയ ജോർജ്. തുടർന്ന് നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ മിയ അഭിനയിച്ചു. ഇപ്പോഴിതാ താൻ അമ്മയായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി മിയ. ഒരു ആൺകുഞ്ഞിനു ജന്മം നൽകിയ വിവരം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒപ്പം ഭർത്താവ് അശ്വിൻ ഫിലിപ്പിനും മകനും ഒപ്പമുള്ള ചിത്രവും മിയ പങ്കുവച്ചിട്ടുണ്ട്. ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടിരിക്കുന്നത് എന്നും മിയ പറഞ്ഞു.
മിയയുടെ പോസ്റ്റിനു താഴെ നിരവധി ആരാധകരും സിനിമ മേഖലയിൽ നിന്ന് ഉള്ളവരും ആശംസകളുമായി എത്തിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ അറുപതിനായിരത്തോളം ലൈക്കുകളും രണ്ടായിരത്തിലേറെ കമൻറ്റുകളും ആണ് മിയയുടെ ഫേസ്ബുക്ക് പോസ്റ്റിനു ലഭിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 12 ന് ലോക്ക്ഡൌൺ സമയത്തായിരുന്നു മിയയുടെ വിവാഹം. എറണാകുളം സ്വദേശിയും ബിസിനസ്സുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ ഭർത്താവ്. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. എന്നാൽ താൻ തുടർന്നും അഭിനയിക്കുമെന്നും സിനിമ വിടുന്നില്ലെന്നും അതിന് ഭർത്താവ് അശ്വിന് എതിർപ്പില്ലെന്നും മിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
അൽഫോൺസാമ്മ എന്ന സീരിയലിൽ മാതാവിൻറ്റെ വേഷം ചെയ്തുകൊണ്ടാണ് മിയ തൻറ്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു. ഷാജൺ കാര്യാൽ സംവിധാനം ചെയ്ത ചേട്ടായീസ് ആണ് മിയ നായികയായ ആദ്യ മലയാള സിനിമ. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നാൽപതോളം ചിത്രങ്ങളിൽ മിയ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായെത്തിയ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം.