ബോക്സിംങ് ഇതിഹാസം മൈക്ക് ടൈസൺ ഇന്ത്യൻ സിനിമയിൽ; വിജയ് ദേവരെകൊണ്ടയ്ക്കൊപ്പം

വിജയ് ദേവെരെകൊണ്ടയെ കേന്ദ്ര കഥാപാത്രമാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഗർ. കൊവിഡ് മൂലം ഷൂട്ടിംങ് നീണ്ടുപോയ ചിത്രത്തിൽ ഇപ്പോൾ മുൻ ലോക ഹെവിവെയ്റ്റ് ബോക്സിംങ് ചാമ്പ്യൻ മൈക്ക് ടൈസൺ അതിഥി താരമായി എത്തുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൈക്ക് ടൈസണെ ഉൾപ്പെടുത്തിയുള്ള ചിത്രത്തിൻറ്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ചിത്രത്തിൻറ്റെ ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുന്നത് എന്നാണ് സൂചന.

മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവരെകൊണ്ട ചിത്രത്തിൽ വേഷമിടുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഒരുക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റി പ്രദർശനത്തിന് എത്തും. വിജയ് ദേവരെകൊണ്ടെയ്ക്ക് പുറമേ അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റപ്പ് ശ്രീനു എന്നിവരും അണിനിരക്കുന്ന ചിത്രം പുരി കണക്ട്സ്, ധർമ്മ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ പുരി ജഗന്നാഥ്, ചാർമി കൌർ, കരൺ ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
മൈക്ക് ടൈസൺ ആദ്യമായി എത്തുന്ന ഇന്ത്യൻ ചിത്രം എന്നതിലുപരി പുരി ജഗന്നാഥും വിജയ് ദേവരെകൊണ്ടയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലൈഗറിനുണ്ട്. ബോക്സിംങ് ഇതിഹാസവുമായി സ്ക്രീൻ പങ്കിടുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ വിജയ് ദേവരെകൊണ്ട വ്യക്തമാക്കി.

“ഞങ്ങൾ നിങ്ങൾക്ക് മാഡ്നെസ് വാഗ്ദാനം ചെയ്തിരുന്നു! ഞങ്ങൾ തുടങ്ങുന്നതേയുള്ളൂ. ഇന്ത്യൻ സ്ക്രീനിൽ ആദ്യമായി. ഞങ്ങളുടെ മാസ് സിനിമയിൽ ഭാഗമാവുന്നത് ബോക്സിംങ് ദൈവ്, ഇതിഹാസം, എക്കാലത്തേയും മികച്ചയാൾ! അയൺ മൈക്ക് ടൈസൺ” എന്നാണ് വിജയ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്.