ഒടിടിയിൽ ആസ്വദിക്കാനാവുന്ന സിനിമയല്ല മരക്കാർ; തിയേറ്റർ റിലീസിനുവേണ്ടി കാത്തിരിക്കുന്നുവെന്നും മോഹൻലാൽ
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചരിത്ര യുദ്ധ ചിത്രമാണ് മരക്കാർ അറബിക്കടലിൻറ്റെ സിംഹം. പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ. കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് നിണ്ടുപോയ ചിത്രം ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 12ന് തിയേറ്ററിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ തിയേറ്ററുകൾ തുറക്കാത്ത സാഹചര്യത്തിൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമോ എന്ന ആരാധകരുടെ സംശയത്തിന് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ
” വലിയ സ്ക്രീനിനുവേണ്ടിയുള്ള മാധ്യമമാണ് സിനിമ. ചലച്ചിത്ര നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യകളിലൊക്കെ വിപ്ലവകരമായ മാറ്റം നടന്നിട്ടുണ്ട്. ഒടിടി തീർച്ചയായും സിനിമകളുടെ വളർന്നുക്കൊണ്ടിരിക്കുന്ന ഒരു മാർക്കറ്റാണ്. ഒടിടിയിലൂടെ റിലീസ് ചെയ്യപ്പെട്ട പല ചിത്രങ്ങളും ആ പ്ലാറ്റ്ഫോമിന് വേണ്ടി അവിടുത്തെ പ്രേക്ഷകരെ മനസ്സിൽ കണ്ടുക്കൊണ്ട് നിർമ്മിക്കപ്പെട്ടവയാണ്. പക്ഷേ തിയേറ്ററുകൾ തീർച്ചയായും തിരിച്ച് വരും. മരക്കാർ ഒരു ബിഗ് ബജറ്റ് പീരിഡ് സിനിമയാണ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത് ചെറിയ സ്ക്രീനുകളിലൂടെ ആസ്വദിക്കാവുന്ന ചിത്രമല്ല അത്. 600 തിയേറ്ററുകളിൽ 21 ദിവസത്തെ ഫ്രീ റൺ തരാമെന്നേറ്റ ചിത്രവുമാണത്. അതിനാൽ റിലീസ് ചെയ്യാനുള്ള സമയത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ. അത് സംഭവിക്കും. പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ അത് സംഭവിക്കുകയും ചെയ്യും. സിനിമ തിയേറ്ററുകളിലേക്ക് തിരിച്ചുവന്നേ തീരൂ “എന്നും മോഹൻലാൽ പറഞ്ഞു.
ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാനാണ് താൽപര്യമെന്ന് സംവിധായകൻ പ്രിയദർശനും നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞാലി മരക്കാർ നാലാമൻറ്റെയും 16-ാം നൂറ്റാണ്ടിൽ യൂറോപ്പ്യൻ സേനയ്ക്ക് എതിരായി നടത്തിയ ഇന്ത്യയുടെ നാവിക പ്രതിരോധത്തിൻറ്റെയും കഥ പറയുന്ന ചിത്രമാണ് മരക്കാർ. മോഹൻലാലിന് പുറമേ സുനിയേൽ ഷെട്ടി, അർജുൻ സർജ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, പ്രഭു, മുകേഷ്, സിദ്ധിക്ക്, മഞ്ചു വാര്യർ, സുഹാസിനി മണിരത്നം, അശോക് ശെൽവം, നെടുമുടി വേണു, ഇന്നസെൻറ്റ്, മാമുക്കോയ തുടങ്ങീ വൻ താരനിരയും അണിനിരക്കുന്ന ചിത്രമാണ് മരക്കാർ.