മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുന്നവർ ഏറേയാണ്. എന്നാൽ ഇപ്പോൾ മറ്റൊരു സന്തോഷവാർത്തയാണ് ഇരുവരുടെയും ആരാധകർക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാൻറ്റെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസിനെത്തുകയാണ്. അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വവും കൊറിയോഗ്രാഫർ ഭൃന്ദ മാസ്റ്റർ ഒരുക്കുന്ന ദുൽഖർ ചിത്രം ഹേ സിനാമികയുമാണ് ഒരേ ദിവസം തന്നെ തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. മാർച്ച് മൂന്നിനാണ് രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുന്നത്.
ഭീഷ്മപർവ്വം മാർച്ച് മൂന്നിന് തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഹേ സിനാമികയും അതേ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. ദുൽഖർ സൽമാൻ തന്നെയാണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.
ദുൽഖറിനൊപ്പം അദിതി റാവുവും കാജൽ അഗർവാളും ഒരുമിക്കുന്ന ചിത്രമാണ് ഹേ സിനാമിക. കോളിവുഡ് കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബിഗ് ബി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപർവ്വം. ഭീഷ്മ വർധൻ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കു പുറമേ തബു, സൌബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലീം, ലെന, വീണ നന്ദകുമാർ, നാദിയ മൊയ്തു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആനന്ദ് ശ്രീ ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറ്റെ സംഗീതം സുശിൻ ഷാം, എഡിറ്റിംഗ് വിവേക് ഹർഷൻ തുടങ്ങിയവർ നിർവഹിക്കുന്നു.