വില്ലനായി മമ്മൂട്ടി എത്തുന്നു

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങി മെഗാ സ്റ്റാർ മമ്മൂട്ടി. ഏജൻറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചന. സൈറാ നരസിംഹ റെഡ്ഡി ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത സുരേന്ദർ റെഡ്ഡിയാണ് ഏജൻറ്റ് സംവിധാനം ചെയ്യുന്നത്. യുവ തെലുങ്ക് നടൻ അഖിൽ അക്കിനേനിയാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സ്പൈ ഏജൻറ്റായാണ് അഖിൽ അക്കിനേയി ചിത്രത്തിൽ വേഷമിടുന്നത്. പുതുമുഖ താരം സാക്ഷി വൈദ്യയാണ് സിനിമയിലെ നായിക. ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഈ മാസം ഹൈദരാബാദിൽ ആരംഭിക്കും എന്നാണ് സൂചന.

സിനിമയിലെ വില്ലൻ വേഷത്തിനായി നിർമ്മാതാക്കൾ തുടക്കത്തിൽ മോഹൻലാൽ, കന്നഡ നടൻ ഉപേന്ദ്ര എന്നിവരെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് മമ്മൂട്ടിയെ സമീപിക്കുകയായിരുന്നു. എ കെ എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വക്കന്തം വംശിയാണ്. സിനിമയുടെ സംഗീത സംവിധാനം എസ് എസ് താമനും, ഛായാഗ്രഹണം ധരുമാനും നിർവ്വഹിക്കും.

2019ൽ പുറത്തിറങ്ങിയ യാത്ര എന്ന സിനിമയാണ് മമ്മൂട്ടി ഏറ്റവും അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. മഹി വി രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വൈ എസ് ആറായാണ് മമ്മൂട്ടി വേഷമിട്ടത്. അന്തരിച്ച അന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം ആവിഷ്കരിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം എന്ന സിനിമയാണ് മമ്മൂട്ടിക്ക് പൂർത്തിയാക്കാനുള്ള മലയാള ചിത്രം. കൊവിഡ് രൂഷമായതിനെ തുടർന്ന് സിനിമയുടെ ഷൂട്ടിംങ് നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.