എന്താണ് ‘റോഷാക്ക്’ ? ശ്രദ്ധ നേടി മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൻറ്റെ പേര്
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റോഷാക്ക്’. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ഇപ്പോൾ ചിത്രത്തിൻറ്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
ചോരപുരണ്ട തുണി മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കാം എന്ന സൂചനയാണ് പോസ്റ്ററിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ‘റോഷാക്ക്’ എന്ന പേരിൻറ്റെ അർത്ഥം അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
റോഷാക്ക് എന്നാൽ ഒരു സൈക്കോളജിക്കൽ ടെസ്റ്റാണ്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ രണ്ട് വശവും ഏകദേശം ഒരു പോലെ വരുന്ന കൃത്യതയില്ലാത്ത ചിത്രങ്ങൾ ഉപയോഗിച്ച്, മുന്നിലുള്ള വ്യക്തി അതിൽ എന്ത് കാണുന്നു എന്നതിൻറ്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുകയും തുടർന്ന് മനശാസ്ത്രപരമായ വ്യാഖ്യാനങ്ങൾ ഉപയോഗിച്ച് അതിനെ വിശകലനം ചെയ്യുകയും ചെയ്യുന്ന പ്രകിയയാണ് റോഷാക്ക്.
1921 ൽ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ഹെർമൻ റോഷാക്ക് ആണ് ഈ ടെസ്റ്റ് കണ്ടുപിടിക്കുന്നത്. ചിത്രത്തിൻറ്റെ പോസ്റ്ററിൽ കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ പുറകിൽ വളരെ ലൈറ്റ് ആയിട്ട് ഇങ്ങനെ ഒരു റോഷാക്ക് മഷിചിത്രം കാണാം. കൂടാതെ ചിത്രത്തിൻറ്റെ ടൈറ്റിലിൽ ‘O’ എന്ന അക്ഷരത്തിലും ഒരു മഷിചിത്രമുണ്ട്.
പോസ്റ്ററിലെ മമ്മൂട്ടിയുടെ ലുക്കിനു പിന്നിലും കഥകളുണ്ട്. ചിത്രത്തിൽ മമ്മൂട്ടി മുഖം മറച്ചിരിക്കുന്ന സ്റ്റൈൽ 1986 ൽ പുറത്തിറങ്ങിയ ‘വാച്ച്മാൻ’ എന്ന കാർട്ടൂൺ പരമ്പരയിലെ വാച്ച്മാൻറ്റെ 6 പ്രധാനവേഷങ്ങളിൽ ഒന്നായിരുന്ന റോഷാക്ക് എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നതാണ്. ഏതായാലും ചിത്രത്തിൻറ്റെ പേരിൻറ്റെ പിന്നിലും പോസ്റ്ററിൻറ്റെ പുറകിലുമുള്ള നിഗൂഡതകൾ അഴിയുന്നതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.