‘വാപ്പച്ചിയോടൊപ്പം അഭിനയിക്കാൻ എനിക്കും നല്ല ആഗ്രഹമുണ്ട്. പക്ഷേ അത് അദ്ധേഹം കൂടി ചിന്തിക്കണം’ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തെക്കുറിച്ച് ദുൽഖർ

മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. മമ്മൂട്ടിയും ദുൽഖറും ഒന്നിച്ചുള്ള ഒരു ചിത്രം ആരാധകരുടെ ഒരു വലിയ സ്വപ്നമാണ്. എന്നാൽ ഇതുവരെയും ഇരുവരും ഒരുമിച്ച് ഒരു ചിത്രത്തിൽ എത്തിയിട്ടുമില്ല. ഇപ്പോഴിതാ എപ്പോഴാണ് വാപ്പച്ചിക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുക എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദുൽഖർ. അത്തരം ഒരു ചിത്രം തൻറ്റെയും ആഗ്രഹമാണെന്ന് ദുൽഖർ വ്യക്തമാക്കി. മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഈ കാര്യം തുറന്ന് പറഞ്ഞത്.

“ വാപ്പച്ചിയോടൊപ്പം അഭിനയിക്കാൻ എനിക്കും നല്ല ആഗ്രഹമുണ്ട്. പക്ഷേ അത് അദ്ധേഹം കൂടി ചിന്തിക്കണം. തൽക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്ന് പറയുന്നതിന് പിന്നിൽ നല്ല ഉദ്ദേശ്യമാണ്. രണ്ട് പേരും വേറേ വേറേ ചിത്രം ചെയ്യുമ്പോൾ രണ്ടുപേർക്കും സിനിമയിൽ തനത് വ്യക്തിത്വവും കരിയറും ഉണ്ടാവുമെന്നതിനാലാണ് ആ ചിന്ത. പക്ഷേ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും സ്ക്രീനിൽ അദ്ധേഹവുമായി ഒരുമിക്കാൻ എനിക്കും ആഗ്രഹമുണ്ട്” ദുൽഖർ പറഞ്ഞു.

ഭീഷ്മപർവ്വമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ബിഗ് ബി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപർവ്വം. ഭീഷ്മ വർധൻ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിച്ചത്. മമ്മൂട്ടിക്കു പുറമേ തബു, സൌബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലീം, ലെന, വീണ നന്ദകുമാർ, നാദിയ മൊയ്തു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.
സല്യൂട്ടാണ് അവസാനമായി റിലീസ് ചെയ്ത ദുൽഖറിൻറ്റെ ചിത്രം. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സല്യൂട്ട്.