നല്ലൊരു നടൻ ആകണമെന്നാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. നായകൻ, സൂപ്പർസ്റ്റാർ എന്നതൊക്കേ ഓരോ കാലഘട്ടത്തിൽ മാറിമറിഞ്ഞ് വന്നുപോകുന്നതാണ് : മമ്മൂട്ടി

നവാഗതയായ റത്തീന ഷർഷാദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. ക്രൈം ത്രില്ലർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രത്തിൻറ്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ ആരാധകർ. പാർവ്വതി തിരുവോത്ത് നായികയായി എത്തുന്ന ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

“ നല്ലൊരു നടൻ ആകണമെന്നാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. അത് മാത്രമാണ് എൻറ്റെ പ്രതിച്ഛായ. നായകൻ, സൂപ്പർസ്റ്റാർ എന്നതൊക്കേ ഓരോ കാലഘട്ടത്തിൽ മാറിമറിഞ്ഞ് വന്നുപോകുന്നതാണ്. പക്ഷേ നടൻ എന്നും നടൻ തന്നെയായിരിക്കും. വർഷങ്ങൾക്ക് മുൻപുള്ള അഭിമുഖങ്ങളിൽ ഉൾപ്പെടെ ഞാൻ പറഞ്ഞിട്ടുള്ളതും എനിക്ക് നല്ലൊരു നടൻ ആകണെമെന്നാണ്. എന്ന് പറഞ്ഞത് ഇപ്പോഴും ചെയ്യാൻ ശ്രമിക്കുന്നുവെന്ന് മാത്രം.” മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഈ കാര്യം വ്യക്തമാക്കിയത്.

ഒരു വനിതാ സംവിധായികയ്ക്ക് ഒപ്പം മമ്മൂട്ടി ആദ്യമായി പ്രവർത്തിക്കുന്ന ചിത്രമാണ് പുഴു. സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന ബോർഡൊന്നും താൻ ഇതുവരെ വച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. പുതുമുഖ സംവിധായകർക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടാവുമെന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നതെന്നും അദ്ധേഹം വ്യക്തമാക്കി.

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഉണ്ട എന്ന ചിത്രത്തിനു ശേഷം ഹർഷാദ് ആണ് പുഴുവിൻറ്റെ തിരക്കഥ ഒരുക്കുന്നത്. ഹർഷാദിനൊപ്പം ഷറഫ്, സുഹാസ് എന്നിവരും ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിൻറ്റെ ബാനറിൽ എസ് ജോർജ് ആണ് ചിത്രത്തിൻറ്റെ നിർമ്മാണം. ദുൽഖർ സൽമാൻറ്റെ വേ ഫെറർ ഫിലിംസ് ആണ് ചിത്രത്തിൻറ്റെ സഹനിർമ്മാണവും വിതരണവും. മമ്മൂട്ടിക്കും പാർവതി തിരുവോത്തിനും പുറമേ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.