ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ വൻതാരനിരയാണ് അണിനിരക്കുന്നത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, ജഗദീഷ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ തൻറ്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും ഉണ്ടെന്നുള്ള വാർത്തയാണ് പൃഥിരാജ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിൻറ്റെയും പൃഥിരാജിൻറ്റെയും അമ്മയായാണ് മല്ലിക എത്തുന്നത് എന്നാണ് സൂചന.
എക്കാലത്തെയും ഏറ്റവും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരേ ഫ്രെയിമിൽ സംവിധാനം ചെയ്യാൻ നിങ്ങൾക്ക് കഴിയുമ്പോൾ എന്ന് കുറിച്ചുക്കൊണ്ടാണ് പൃഥിരാജ് ഇരുവരും മോഹൻലാലിന് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചത്.
എനിക്ക് ലഭിച്ച ഏറ്റവും വിലയേറിയ ഓണസമ്മാനം ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ ഒരു ചിത്രത്തിൽ അഭിനയിക്കാൻ എൻറ്റെ ലാലു, മോഹൻ ലാൽ, എൻറ്റെ സഹോദരൻ ആൻറ്റണി പെരുമ്പാവൂർ നിർമ്മിച്ച ഒരു സിനിമ എൻറ്റെ സ്വന്തം ദാദു സംവിധാനം ചെയ്യുന്ന ചിത്രം ഈ വലിയ അനുഗ്രഹത്തിന് ദൈവത്തിന് നന്ദി എന്നാണ് മല്ലിക സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി ആരാധകരാണ് ഇപ്പോൾ ആശംസകൾ അറിയിച്ചുക്കൊണ്ടിരിക്കുന്നത്.
ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ ചിത്രമാണ് ബ്രാ ഡാഡി. മൂന്നു സുഹൃത്തുക്കളുടെ കഥ ആണ് ചിത്രത്തിലൂടെ പറയുന്നത്. ശ്രീജിത്തും ബിബിനും ചേർന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കുന്നത്. ഹൈദരാബാദിൽ ഷൂട്ടിംങ് പുരോഗമിക്കുന്ന ചിത്രത്തിൻറ്റെ 80 ശതമാനം പൂർത്തിയായെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.