ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച ‘RRR’ നു ശേഷം പുതിയ ചിത്രവുമായി സംവിധായകൻ എസ് എസ് രാജമൌലി. രാജമൌലിയുടെ അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ആണ്. ഒരു ആക്ഷൻ ഡ്രാമ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത് എന്നാണ് സൂചനകൾ.
അടുത്ത വർഷം പകുതിയോടെ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഒരു വനത്തിൻറ്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു. അടുത്ത വർഷം ചിത്രത്തിൻറ്റെ ചിത്രീകരണം ആരംഭിക്കാനാണ് രാജമൌലി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം മറ്റൊരു സിനിമയുടെ തിരക്കുകളിലാണ് മഹേഷ് ബാബു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു ഇപ്പോൾ അഭിനയിക്കുന്നത്.
അതേസമയം, മഹേഷ് ബാബു നായകനാകുന്ന ‘സർക്കാരു വാരി പാട്ട’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. കീർത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ കലാവതി എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. മൈത്രി മൂവി മേക്കേഴ്സും മഹേഷ് ബാബു എൻറ്റർടെയ്മൻറ്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജൂനിയർ എൻടിആറും രാംചരണും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ആർആർആർ’ ആണ് രാജമൌലി ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിൽ അജയ് ദേവ്ഗണും ആലിയ ഭട്ടും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 1000 കോടിയിലധികം കളക്ഷൻ ആണ് ചിത്രം നേടിയത്. അല്ലൂരി സീതാരാമ, കോമരം ഭീം എന്നീ സ്വാതന്ത്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.