ടൊവിനോയുടെ ബിഗ് ബജറ്റ് ചിത്രത്തിൽ കൃതി ഷെട്ടിയും?

ജിതിൻ ലാലിൻറ്റെ സംവിധാനത്തിൽ ടോാവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് അജയൻറ്റെ രണ്ടാം മോഷണം. ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ് ആരംഭിക്കുന്നത്. ബിഗ്ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിൽ വേഷമിടുന്നത്. ആദ്യമായാണ് ടൊവിനോ ട്രിപ്പിൾ റോളിൽ ഒരു ചിത്രത്തിൽ എത്തുന്നത്.

ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. എന്നാൽ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത് എന്നാണ് സൂചന. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്തീകരണമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. അമർ അക്ബർ ആൻറ്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച യുജിഎം എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഇതിനോടകം കാസർകോഡ് കാഞ്ഞങ്ങാട്ട് ആരംഭിച്ചിട്ടുണ്ട്. സുജിത് നമ്പ്യാരാണ് ചിത്രത്തിൻറ്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ ദിബു നൈനാൻ തോമസ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

അതേസമയം ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ടൊവിനോ ചിത്രം തല്ലുമാല ഇപ്പോഴും വിജയകരമായി പ്രദർശനം തുടർന്നുക്കൊണ്ടിരിക്കുകയാണ്. ടൊവീനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഖാലിദ് റഹ്മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ടൊവിനോയും കല്യാണിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരും വ്യത്യസ്ത വേഷങ്ങളിലാണ് ചിത്രത്തിൽ എത്തുന്നത്.