‘കെജിഎഫ് 3’ ചിത്രീകരണം ഈ വർഷം ആരംഭിക്കുമെന്ന് നിർമ്മാതാവ്.

ബാഹുബലിക്കു ശേഷം സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരുന്ന ചിത്രമായിരുന്നു കെജിഎഫ് 2. 2022 ലെ ഏറ്റവും വലിയ ഇന്ത്യൻ സിനിമ കൂടിയായിരുന്നു കെജിഎഫ് 2. ചിത്രം ഉണ്ടാക്കിയ ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോൾ പ്രേക്ഷകരെ ആവേശത്തിലാക്കുന്ന മറ്റൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറ്റെ നിർമ്മാതാവ്.

കെജിഎഫ് മൂന്നാം ഭാഗത്തിൻറ്റെ ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കുമെന്നതാണ് പുതിയ പ്രഖ്യാപനം. രണ്ടാം ഭാഗത്തിനു പിന്നാലെ മൂന്നാം ഭാഗവും ഉണ്ടാകുമെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഈ വാർത്ത ചിത്രത്തിൻറ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്ഥിതീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മൂന്നാം ഭാഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഈ വർഷം ഒക്ടോബറിൽ മൂന്നാം ഭാഗത്തിൻറ്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൻറ്റെ നിർമ്മതാവ് വിജയ് കിർഗുണ്ടൂർ ആണ് ഈ വാർത്ത അറിയിച്ചിരിക്കുന്നത്. 2024 ൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാർവൽ സ്റ്റെൽ സിനിമയാണ് പദ്ധതിയിടുന്നതെന്നും വിജയ് കിർഗുണ്ടൂർ പറഞ്ഞു. പല സിനിമകളിലെ കഥാപാത്രങ്ങൾ ഒന്നിച്ചു ചേർന്ന് ഡോക്ടർ സ്ട്രെയിഞ്ച് പോലെയോ സ്പൈഡർമാൻ ഹോം കമിംഗ് പോലെയോ ഉള്ള ഒരു ചിത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ പ്രഭാസ് നായകനായി എത്തുന്ന സലാറിൻറ്റെ തിരക്കുകളിലാണ് സംവിധായകൻ പ്രശാന്ത് നീൽ. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതോടെ കെജിഎഫ് 3 യുടെ ചിത്രീകരണം ആരംഭിക്കും. ഏപ്രിൽ 14 നാണ് കെജിഎഫ് രണ്ടാം ഭാഗം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതൽ റെക്കോർഡുകൾ ഭേദിച്ച് ആണ് ചിത്രം മുന്നേറുന്നത്. ആദ്യ രണ്ടു ദിവസങ്ങൾക്കൊണ്ടു തന്നെ ഇന്ത്യയിൽ നിന്നു മാത്രമായി ചിത്രം നേടിയത് 240 കോടിയാണ്.