മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് കാവേരി. ഒട്ടേറേ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കാവേരി ഇപ്പോഴിതാ സിനിമാസംവിധാന രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ്. അഭിനയത്തിനും നിർമ്മാണത്തിനും പുറമേയാണ് കാവേരി സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുന്നത്.
ബഹുഭാഷ ചിത്രം ഒരുക്കിക്കൊണ്ടാണ് കാവേരി സംവിധായകയുടെ കുപ്പായം അണിയുന്നത്. തെലുങ്ക് തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചേതൻ ചീനുവാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിരത്നത്തിൻറ്റെ അഞ്ജലി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ചേതൻ തുടർന്ന് രാജുഗരിഗധി, മന്ത്ര 2 പെല്ലികി മുന്ധു പ്രേമ കഥ, നാൻ സിഗപ്പു മനിതൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. K2k പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ തെലുങ്ക്, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. കാവേരി തന്നെയാണ് ചിത്രത്തിൻറ്റെ നിർമ്മാണവും നിർവ്വഹിക്കുന്നത്. സുഹാസിനി മണിരത്നം, സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത്, സുബ്ബരാജു, ബ്ലാക്ക് പാണ്ടി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളി താരം സൌമ്യ മേനോനും ചിത്രത്തിൻറ്റെ ഭാഗമാണ്.
പ്രണയവും ഉദ്യേോഗവും കോമഡിയും നിറഞ്ഞ ഒരു ബഹുഭാഷാ ത്രില്ലറാണ് ചിത്രം. ഷൂട്ടിംങ് പുരോഗമിക്കുന്ന ചിത്രത്തിൻറ്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ആൽബി ആൻറ്റണി, ശക്തി സരവണൻ എന്നിവർ ചേർന്നാണ്. അച്ചു രാജാമണിയാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. എഡിറ്റിംങ് ആൻറ്റണി, പ്രവിൻ പുഡി, ആർട്ട് ജിത്തു, എസ് വി മുരളി, പിആർഒ മഞ്ജു ഗോപിനാഥ് തുടങ്ങിയവർ നിർവ്വഹിക്കുന്നു.