തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറേ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് യാഷ് നായകനായി എത്തുന്ന കെജിഎഫ് ചാപ്റ്റർ 2. കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കെജിഎഫ് 2വിലെ യാഷിൻറ്റെ അഭിനയമികവിനെ പ്രശംസിച്ചുക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. “ പതിറ്റാണ്ടുകളായി ഇന്ത്യ കാണാതെ പോയ കോപാകുലനായ യുവാവാണ് അദ്ധേഹം. എഴുപതുകൾ മുതൽ അമിതാഭ് ബച്ചൻ അവശേഷിപ്പിച്ച ആ ശൂന്യത അദ്ധേഹം നികത്തുന്നു. അതിമനോഹരം” എന്നാണ് കങ്കണ തൻറ്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചത്. കെജിഎഫ് ചാപ്റ്റർ 2-ൽ നിന്നുള്ള യാഷിൻറ്റെ പോസ്റ്റർ പങ്കുവെച്ചുക്കൊണ്ടാണ് താരം യാഷിനെ പ്രശംസിച്ചത്.
ഇത് കൂടാതെ രാം ചരൺ, അല്ലു അർജുൻ, എൻടിആർ ജൂനിയർ, യാഷ് എന്നിവരുടെ ചിത്രങ്ങൾ പങ്കുവെച്ച് “ ദക്ഷിണേന്ത്യയിലെ സൂപ്പർ താരങ്ങൾ അവരുടെ സംസ്കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണെന്നും അതാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതെന്നും” കങ്കണ തൻറ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിട്ടുണ്ട്. തെന്നിന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് പലപ്പോഴും കങ്കണ രംഗത്ത് എത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങൾ അവരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും കങ്കണ നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പെടെ നിരവധി ഭാഷകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തത്. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. 2018ലാണ് കെജിഎഫിൻറ്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ടാഴ്ചക്കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്.