‘കാപ്പ’ പൃഥ്വിരാജ് – കൈലാസ് ടീം വീണ്ടും ഒന്നിക്കുന്നു. ഒപ്പം മഞ്ജു വാര്യരും ആസിഫ് അലിയും.

തിയേറ്ററുകളിൽ മികച്ച വിജയം നേടിയ സൂപ്പർഹിറ്റ് ചിത്രം കടുവയ്ക്കു ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കാപ്പക്കു തുടക്കമായി. ചിത്രത്തിൻറ്റെ പൂജയും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരത്തു വച്ച് നടന്നു. എസ് എൻ സ്വാമിയാണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. നടൻ ജഗദീഷ് ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു.

മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ ആസിഫ് അലിയും അന്ന ബെന്നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. പൃഥ്വിരാജ്, ആസിഫ് അലി, ഷാജി കൈലാസ്, ജി ആർ ഇന്ദുഗോപൻ, എ കെ സാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ദുഗോപൻറ്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറ്റെ രചനയും നിർവഹിക്കുന്നത്. മരണം വട്ടമിട്ടുപറക്കുന്ന തലസ്ഥാന നഗരത്തിൻറ്റെ അദൃശ്യ അധോലോകത്തിൻറ്റെ കഥയാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

ചിത്രത്തിനു വേണ്ടി 60 ദിവസത്തെ ഡേറ്റ് ആണി പൃഥ്വിരാജ് നൽകിയിരിക്കുന്നത്. മഞ്ജു വാര്യർ അടുത്ത ആഴ്ച ചിത്രത്തിൽ ജോയിൻ ചെയ്യും. സിനിമയിൽ പൃഥിരാജ് ഒരു മുഴുനീള വില്ലൻ വേഷത്തിൽ എത്തുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത.

തിയേറ്റർ ഓഫ് ഡ്രീംസ് എന്ന നിർമ്മാണ കമ്പനിയുമായി ചേർന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയനാണ് ചിത്രം നിർമ്മിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമ്മാണ പങ്കാളിയാവുന്ന ചിത്രമെന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.