പൃഥിരാജിനും മഞ്ചു വാര്യർക്കുമൊപ്പം ആസിഫ് അലിയും അന്ന ബെന്നും ഒന്നിക്കുന്ന പുതിയ ചിത്രം കാപ്പ

വേണു സംവിധാനം ചെയ്യുന്ന പുതിയ മർട്ടി സ്റ്റാർ ചിത്രത്തിലാണ് പൃഥിരാജിനും മഞ്ചു വാര്യർക്കും പുറമേ ആസിഫ് അലിയും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കാപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം താരചക്രവർത്തികളായ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. ആരാധകർ ഏറേ ആകാംക്ഷയോടെ കാത്തിരുന്ന ഈ പ്രഖ്യാപനം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ജി ആർ ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ. മരണം വട്ടമിട്ടുപറക്കുന്ന തലസ്ഥാന നഗരത്തിൻറ്റെ അദൃശ്യ അധോലോകത്തിൻറ്റെ കഥയാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ് എന്ന നിർമ്മാണ കമ്പനിയുമായി ചേർന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയനാണ് ചിത്രം നിർമ്മിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമ്മാണ പങ്കാളിയാവുന്ന ചിത്രമെന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്.

സാനും ജോൺ വർഗീസാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംങ് മഹേഷ് നാരായണൻ, സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ്, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യർ, സ്റ്റിൽസ് ഹരി തിരുമല തുടങ്ങിയവരും നിർവ്വഹിക്കുന്നു.

നേരത്തെ അനിൽ രാധകൃഷ്ണ മേനോൻ സംവിധാനം ചെയ്ത സപ്തമശ്രീ തസ്കര എന്ന ചിത്രത്തിലാണ് പൃഥിരാജും ആസിഫ് അലിയും ഒരുമിച്ച് അഭിനയിച്ചത്. കാപ്പയ്ക്ക് പുറമേ ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ആസിഫ് അലിയും പൃഥിരാജും ഒരുമിക്കുന്നുണ്ട്. സിനിമയിൽ പൃഥിരാജ് മുഴുനീള വില്ലൻ വേഷത്തിൽ എത്തുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത. മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം ചെയ്തുക്കൊണ്ടിരിക്കുകയാണ് പൃഥിരാജ് ഇപ്പോൾ. കുഞ്ഞെൽദോ ആണ് ആസിഫ് അലിയുടെ വരാനിരിയ്ക്കുന്ന ചിത്രം.