ജോജു ജോർജും ഷറഫുദ്ദീനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ത്രില്ലർ ഡ്രാമ ‘അദൃശ്യം’

ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രമാണ് ‘അദൃശ്യം’. മലയാളത്തിന് പുറമേ തമിഴിലും യുകി എന്ന പേരിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജുവിസ് പ്രൊഡക്ഷൻസുമായി ചേർന്ന് യു എ എൻ ഫിലിം ഹൌസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ പവിത്ര ലക്ഷ്മി, കായൽ ആനന്ദി, ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങി വൻ താരനിരയും അണിനിരക്കുന്നുണ്ട്. ചിത്രത്തിൻറ്റെ തമിഴ് പതിപ്പിൽ കതിർ, നട്ടി നടരാജൻ, സിനിൽ സൈനുദ്ദീൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പാക്ക്യരാജ് രാമലിംഗമാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുഷ്പരാജ് സന്തോഷാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറ്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഡോൺ വിൻസെൻറ്റാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ട് ചെന്നൈ, പോണ്ടിച്ചേരി എന്നിവടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംങ് പൂർത്തിയാക്കിയത്.

ദ്വിഭാഷാ ചിത്രം ഒരുക്കണമെന്ന തരത്തിലുള്ള ആലോചനയിൽ നിന്നല്ല ചിത്രം രൂപപ്പെട്ടതെന്നും തമിഴിലും മലയാളത്തിലും സ്വീകാര്യത കിട്ടുന്ന വിഷയമെന്ന് തോന്നിയതിനാലാണ് ഈ തരത്തിൽ ഒരുക്കിയതെന്നും ചിത്രത്തിൻറ്റെ സംവിധായകൻ സാക് ഹാരിസ് വ്യക്തമാക്കി. ഒരു നവാഗത സംവിധായകന് കിട്ടാവുന്ന വലിയ അവസരമാണ് ഈ വലിയ താരനിര. പലപ്പോഴും ദ്വിഭാഷാ ചിത്രങ്ങളിൽ രണ്ട് പതിപ്പിലും ഒരേ താരനിരയാണ് വരാറ്. ഇത് പക്ഷേ വ്യത്യസ്ത താരനിരയാണെന്നും സാക് ഹാരിസ് പറഞ്ഞു.