ടിനു പാപ്പച്ചൻറ്റെ പുതിയ ചിത്രത്തിൽ നായകൻ ജയസൂര്യ

ആൻറ്റണി വർഗീസിനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം അജഗജാന്തരം മികച്ച പ്രേക്ഷക പ്രീതി നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ തൻറ്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ടിനു. ജയസൂര്യയെ നായകനാക്കി ആണ് ടിനു തൻറ്റെ അടുത്ത ചിത്രം ഒരുക്കുന്നത്.
സംവിധായകൻ ടിനു പാപ്പച്ചനും നടൻ അരുൺ നാരായണനും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ജയസൂര്യ തന്നെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “ഞങ്ങളുടെ പ്രൊജക്ട് ഒരു രൂപമായി വരുന്നതിൽ വളരെയധികം ആവേശത്തിലാണ് ഞാൻ. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ്.” ഇരുവർക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ജയസൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സൂൺ എന്ന അടിക്കുറിപ്പോടെ ജയസൂര്യക്ക് ഒപ്പമുള്ള ചിത്രം ടിനു പാപ്പച്ചനും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സുചനകൾ.
അതേസമയം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ് അജഗജാന്തരം. സിൽവർ ബേ സ്റ്റുഡിയോയുടെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത്ത് തലപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആൻറ്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സാബു മോൻ അബ്ദു സമദ്, ജാഫർ ഇടുക്കി, സുധീ കൊപ്പ, ബീറ്റോ ഡേവിഡ്, സിനോജ് വർഗീസ്, രാജേഷ് ശർമ, ലുക്ക്മാൻ ലുക്കു, ഡിറ്റോ വിൽസൺ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ഉത്സവപറമ്പിൻറ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ആക്ഷൻ ചിത്രമാണിത്.