ആദ്യഭാഗം പോലെ ആയിരിക്കില്ല, ജന ഗണ മന രണ്ടാം ഭാഗം തീർത്തും പുതിയതായിരിക്കുമെന്ന് തിരക്കഥാകൃത്ത്.
തിയേറ്ററിലും ഒടിടിയിലും മികച്ച വിജയം നേടിയ ചിത്രമാണ് ജന ഗണ മന. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ഡിജോ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയത്.
ഇപ്പോഴിതാ ചിത്രത്തിൻറ്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തിൻറ്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് ആണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
‘രണ്ടാം ഭാഗം കുറച്ചുകൂടി ഒരു വൈഡർ ക്യാൻവാസിലുള്ള ചിത്രമായിരിക്കും. ആദ്യഭാഗവുമായി സാമ്യതകൾ വളരെ കുറവായിരിക്കും. തിരക്കഥ ഇനിയും പൂർത്തിയായിട്ടില്ല. വളരെയധികം സമയം എടുത്തുകൊണ്ടു തന്നെ ചെയ്യേണ്ട ഒന്നാണത്. ഒരു സ്റ്റോറി ലൈൻ ആദ്യമേ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ഇനിയും പൂർത്തിയാക്കാനുണ്ട്. ഒന്നാം ഭാഗത്തിൽ ഇല്ലാത്ത കുറെ ഫ്ലേവേഴ്സ് രണ്ടാം ഭാഗത്തിൽ ഉണ്ടായിരിക്കും. രണ്ടാം ഭാഗം കുറച്ചു കൂടി ഇമോഷണൽ ആയിരിക്കും.
ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രം ഇതിലും വൈഡായ ഒരു ലൈഫുള്ള വ്യക്തിയാണ്. രണ്ടാം ഭാഗത്തിൽ വില്ലൻ കുറച്ചുകൂടി അതിശക്തനായിരിക്കും.’ സമയത്തിനു നൽകിയ അഭിമുഖത്തിലാണ് ഷാരിസ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഭരണ വർഗ്ഗത്തെ അധികാരത്തിൽ പിടിച്ചു നിർത്താൻ വേണ്ടി സൃഷ്ടിച്ചെടുക്കുന്ന സാമുദായിക കലാപങ്ങളെ വളരെ ശക്തമായ രീതിയിൽ അവതരിപ്പിച്ച ചിത്രമായിരുന്നു ജന ഗണ മന. ഏതായാലും ഒന്നാം ഭാഗത്തിൽ പറയാതെ ബാക്കി വച്ച കുറെ കാര്യങ്ങൾക്കുള്ള മറുപടിയാകും രണ്ടാം ഭാഗം. സുരാജ് വെഞ്ഞാറമൂട്, വിൻസി അലോഷ്യസ്, മമ്ത മോഹൻദാസ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ ഉണ്ടായിരുന്നു.