‘ഇപ്പോൾ അധികവും എന്നെ തേടി എത്തുന്നത് സീരിയസ് കഥാപാത്രങ്ങളാണ്’; ‘ഉടലിലെ’ വേഷപ്പകർച്ചയെക്കുറിച്ച് ഇന്ദ്രൻസ്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ഇന്ദ്രൻസ്. ഹാസ്യതാരമായി സിനിമയിൽ എത്തിയ ഇന്ദ്രൻസ് ഇപ്പോൾ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. ഉടൽ ആണ് റിലീസ് കാത്തിരിക്കുന്ന ഇന്ദ്രൻസിൻറ്റെ ഏറ്റവും പുതിയ ചിത്രം. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൻറ്റെ ട്രെയിലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇന്ദ്രൻസിന് പുറമേ ദുർഗ കൃഷ്ണയും, ധ്യാൻ ശ്രീനിവാസനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഇന്ദ്രൻസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉടലിലെ താരത്തിൻറ്റെ വേഷപ്പകർച്ചയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ കോമഡി റോളുകൾ ചെയ്യാതെ പകരം സീരീയസ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ദ്രൻസ്. ചിത്രത്തിൻറ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫീൽമി ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ധേഹം ഈ കാര്യം വ്യക്തമാക്കിയത്.
“ ഇപ്പോൾ അധികവും എന്നെ തേടി എത്തുന്നത് സീരിയസ് കഥാപാത്രങ്ങളാണ്. കോമഡി സിനിമകൾ അധികം വരുന്നില്ല.” കോമഡി സിനിമകൾ മിസ് ചെയ്യുമ്പോൾ തൻറ്റെ സിനിമകൾ ഇട്ട് സമാധിനിക്കുമെന്നും താരം പറഞ്ഞു. താനുള്ളതും ഇല്ലാത്തതുമായ സിനിമകൾ കാണുമ്പോൾ ആ പഴയ കാലത്തേക്ക് പോകുമെന്നും അദ്ധേഹം വ്യക്തമാക്കി. കോമഡി വേഷങ്ങൾ ഇനിയും ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു.
അന്യഭാഷ ചിത്രങ്ങൾ എന്തുക്കൊണ്ടാണ് ഒഴിവാക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. “ അന്യഭാഷ ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന ഓഫറുകൾ സ്വീകരിക്കാറില്ല. കാരണം മലയാളത്തിൽ നിന്ന് നല്ല അവസരങ്ങൾ ലഭിക്കാറുണ്ട്. ഇവിടെ സിനിമയില്ലാത്ത അവസ്ഥ എനിക്കില്ല. പിന്നെ എന്തിനാണ് മലയാളം കളഞ്ഞിട്ട് പോകുന്നതെന്ന് വിചാരിച്ചിട്ടാണ് അന്യഭാഷ ചിത്രങ്ങളുടെ ഓഫറുകൾ സ്വീകരിക്കാത്തത്.” കൂടാതെ ചെറിയ ഭാഷ ബുദ്ധിമുട്ടുണ്ടെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.