പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഹൃദയം ഇനി ഒടിടിയിലേക്ക്. ഫെബ്രുവരി 18 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ജനുവരി 21 ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായിരുന്നു ഹൃദയം.
മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രോ ഡാഡിക്കു ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഹൃദയം. മെറിലാൻഡ് സിനിമാസിൻറ്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അജു വർഗ്ഗീസ്, അരുൺ കുര്യൻ, മീനാക്ഷി രവീന്ദ്രൻ, വിജയരാഘവൻ, ബൈജു സന്തോഷ്, ജോജോ ജോസ്, ആദർശ് സുകുമാരൻ, പ്രശാന്ത് നായർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പാട്ടുകൾക്ക് ഏറേ പ്രാധാന്യമുള്ള ചിത്രത്തിൽ 15 ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹേഷാം അബ്ദുൾ വഹാബാണ് ചിത്രത്തിൻറ്റെ സംഗീത സംവിധായകൻ.
ജേക്കബിൻറ്റെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി ആറു വർഷങ്ങൾക്കു ശേഷം വിനീത് ശ്രീനിവാസൻറ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. അതേസമയം ആദി, ഇരുപത്തൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്കു ശേഷം പ്രണവ് നായകനാകുന്ന ചിത്രം കൂടിയാണ് ഹൃദയം. ചിത്രം പ്രണവിൻറ്റെ കരിയറിലെ ഏറ്റവും മികച്ച് പ്രകടനമായിട്ടാണ് വിലയിരുത്തുന്നത്.
വിശ്വജിത്ത് ഒടുക്കാതിൽ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംങ് രഞ്ജൻ അബ്രാഹം, വസ്ത്രാലങ്കാരം ദിവ്യ ജോർജ്, മേക്കപ്പ് ഹസ്സൻ വന്ദൂർ, സംഘട്ടനം മാഫിയ ശശി തുടങ്ങിയവർ നിർവ്വഹിക്കുന്നു. കൊച്ചി, പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.