ടൊവിനോയ്ക്ക് പകരം വിക്രാന്ത്; റിലീസ് പ്രഖ്യാപിച്ച് ‘ഫോറൻസിക്’ ഹിന്ദി റീമേക്ക്

ടൊവിനോ തോമസ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഫോറൻസികിൻറ്റെ ഹിന്ദി റീമേക്ക് റിലീസിന്. ജൂൺ 24നാണ് ചിത്രത്തിൻറ്റെ റിലീസ്. സീ5 ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. വിശാൽ ഭൂരിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രാന്ത് മാസേയാണ് ടൊവിനോയുടെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാമൂവേൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ ചിത്രത്തിൽ വേഷമിട്ടിരുന്നത്. ഈ കഥാപാത്രത്തെയാണ് വിക്രാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഫോറൻസിക് മലയാളം പതിപ്പിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് മംമ്ത മോഹൻദാസ് ആയിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ ഋതിക സേവ്യർ എ.പി.എസ് ആയാണ് മംമ്ത ചിത്രത്തിൽ എത്തിയത്. ഹിന്ദി റീമേക്കിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാധിക ആപ്തെയാണ്. മിനി ഫിലിംസിൻറ്റെ ബാനറിൽ മൻസി ബംഗ്ലയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രാച്ചി ദേശായി, വിന്ദു ധാര സിംഗ്, രോഹിത് റോയി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറ്റെ ടീസർ ഇപ്പോൾ സിനിമയുടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.

2020ൽ ആണ് ഫോറൻസിക് തിയേറ്ററുകളിൽ എത്തിയത്. അഖിൽ പോളും അനാസ് ഖാനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. കൊവിഡിന് മുമ്പ് റിലീസിന് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രത്തിൽ സൈജു കുറുപ്പ്, രൺജി പണിക്കർ, റേബ മോണിക്ക ജോൺ, തമന്ന പ്രമോദ്, ജിജു ജോൺ തുടങ്ങീ നിരവധി താരങ്ങളും അണിനിരന്നിരുന്നു.പി ഷിജിത്ത് ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയത്.