ഷൂട്ടിംഗിനിടെ ,അപകടം ഒരു അവസാനം ആകേണ്ടതായിരുന്നു: രക്ഷപ്പെട്ട കഥ വിവരിച്ച് ഫഹദ് ഫാസിൽ

മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംഭവിച്ച അപകടത്തെക്കുറിച്ച് വിവരിച്ച് ഫഹദ് ഫാസിൽ. അപകടത്തിൽ പറ്റിയ പരുക്കുകളിൽ നിന്നും രക്ഷപ്പെട്ട് വരുകയാണെന്ന് ഫഹദ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് ഫഹദ് ഇക്കാര്യങ്ങൾ പറഞ്ഞത്. മൂക്കിൽ മൂന്നു തയ്യൽപ്പാടുകൾ ഉണ്ടെന്നും അത് കുറച്ചുനാളത്തേക്ക് അവിടെ കാണുമെന്നും ഫഹദ് പറഞ്ഞു. ഫഹദ് നായകനായെത്തുന്ന മാലിക് ഒടിടി റിലീസ് ചെയ്യുകയാണെന്നും താരം അറിയിച്ചു. ടേക്ക് ഓഫ് എന്ന ചിത്രത്തിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. തൻറ്റെ ജീവിതത്തിലുണ്ടായ നേട്ടങ്ങൾക്കെല്ലാം കാരണം നസ്രിയ ആണെന്നും ഫഹദ് കുറിച്ചിട്ടുണ്ട്.

“ഈ കൊറോണയുടെ സമയത്ത് ഇത് എഴുതുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല. എല്ലാവരും അവർക്ക് കഴിയുന്ന വിധത്തിൽ കൊവിഡിനോട് പോരാടുകയാണ് എന്ന് വിശ്വസിച്ചുകൊണ്ട് എഴുതുകയാണ്. മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ പരുക്കുകളിൽ നിന്ന് സുഖം പ്രാപിച്ചു വരുകയാണ്. എൻറ്റെ കലണ്ടറിൽ ലോക്ക്ഡൌൺ ആരംഭിച്ചത് മാർച്ച് 2 നാണ്. ആ അപകടം ഒരു അവസാനം ആകേണ്ടതായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. വീണപ്പോൾ ഞാൻ കൈകൾ നിലത്ത് കുത്തിയതാണ് രക്ഷപെടാൻ കാരണമെന്നും അവർ പറഞ്ഞു. വീഴ്ചയിൽ 80 ശതമാനം ആളുകളും മറക്കുന്ന കാര്യമാണിത്.

മാലിക് എന്ന ചിത്രം ഒടിടി റിലീസ് ചെയ്യാൻ തീരുമാനിച്ച വിവരം നിങ്ങളെ അറിയിക്കുകയാണ്. തിയേറ്ററിൽ റിലീസ് ചെയ്യണമെന്ന് വിചാരിച്ചിരുന്ന ചിത്രമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം അതിന് അനുവദിക്കുന്നില്ല.ബാഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിൻറ്റെ ഏഴാം വാർഷികവും നല്ല ഓർമ്മകൾ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതും എല്ലാം അവിടെ വച്ചാണ്. ഒരു കത്തും ഒപ്പം ഒരു മോതിരവും നൽകിയാണ് നസ്രിയയെ പ്രൊപ്പോസ് ചെയ്തത്. എന്നാൽ നസ്രിയ യെസ് എന്നോ നോ എന്നോ പറഞ്ഞില്ല.

ബാഗ്ലൂർ ഡെയ്സിൽ അഭിനയിക്കുമ്പോൾ ഞാൻ മറ്റു രണ്ടു സിനിമകളിൽ കൂടി ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും ബാഗ്ലൂർ ഡെയ്സിൻറ്റെ സെറ്റിൽ എത്താൻ ഞാൻ ആഗ്രഹിച്ചിരുന്നു.ഞങ്ങൾ വിവാഹിതരായിട്ട് ഏഴു വർഷമായി. എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചപ്പോൾ നസ്രിയ ഒരുപാട് കാര്യങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ട്. നസ്രിയക്കൊപ്പം ജീവിക്കാൻ തുടങ്ങിയതിനു ശേഷമാണ് എനിക്ക് ഈ നേട്ടങ്ങൾ ഒക്കെ ഉണ്ടായത്.

നസ്രിയക്ക് ഞങ്ങളുടെ കാര്യത്തിൽ ഉറപ്പു തോന്നിയില്ലായിരുന്നെങ്കിൽ എൻറ്റെ ജീവിതം എന്താകുമായിരുന്നെന്ന് എനിക്കറിയില്ല.എല്ലാ അവസാനങ്ങളും മറ്റൊരു മനോഹരമായ കഥയുടെ തുടക്കമായിരിക്കും. ഇപ്പോൾ കടന്നുപോകുന്ന മോശം സാഹചര്യം ഉടൻ അവസാനിക്കും. മറ്റൊരു നല്ല തുടക്കം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.” ഫഹദ് കുറിച്ചു.