ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം ദുനിയാവിൻറ്റെ ഒരറ്റത്ത് | Duniyavinte Orattath

ശ്രീനാഥ് ഭാസി, സുധി കൊപ്പ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ദി ഗ്ലാബർ, ഒരു മെക്സിക്കൻ അപാരത എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദുനിയാവിൻറ്റെ ഒരറ്റത്ത്. 2020ൽ പുറത്തിറങ്ങിയ കപ്പേള എന്ന സിനിമയ്ക്ക് ശേഷം ശ്രീനാഥ് ഭാസിയും, സുധി കൊപ്പയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇവർക്ക് പുറമേ അനു സിത്താര, പ്രശാന്ത് മുരളി, അൻവർ ഷരീഫ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശ്രീനാഥ് ഭാസിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിലെ ഒരു ഗാനം സംവിധായകൻ ടോം ഇമ്മട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പ്രശസ്ത ഗായകൻ ഷറബാസ് അമനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ പ്രണയം എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് ഭാസി മലയാള സിസിമയിലേക്ക് കടന്ന് വന്നത്. പിന്നീട് ഉസ്താദ് ഹോട്ടൽ, ഹണീ ബീ, ഹാപ്പി സർദാർ, അഞ്ചാം പാതിര, കപ്പേള തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

മോഹൻലാൽ നായകനായി എത്തിയ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയാണ് സുധി കൊപ്പയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. ആമേൻ, ആട്, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, വികൃതി എന്നീ ചിത്രങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ ലിൻറ്റോ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഫീർ റുമാനി, പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇ പി സജീവൻറ്റെ വരികൾക്ക് അനുരാഗ് റാമാണ് സംഗീതം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം മനേഷ് മാധവൻ, വാർത്താപ്രചരണം എ എസ് ദിനേശ് തുടങ്ങിവർ നിർവ്വഹിക്കുന്നു. ചിത്രത്തിൻറ്റെ കോ പ്രൊഡ്യൂസർ സ്നേഹ നായർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഗോകുൽ നാഥ് ജി, പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ് എന്നിവരാണ്.