ഹിന്ദി റീമേക്കിന് ഒരുങ്ങി സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം ഡ്രൈവിംഗ് ലൈസൻസ്. രാജ് മെത്തയാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്. സെൽഫി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രമാക്കി ലാൽ ജൂനിയർ 2019ൽ സംവിധാനം ചെയ്ത ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് ചിത്രത്തിൻറ്റെ ഹിന്ദി റീമേക്കിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പർസ്റ്റാറായാണ് അക്ഷയ് കുമാർ ചിത്രത്തിൽ വേഷമിടുന്നത്. പോലീസ് ഓഫീസറെയാണ് ഇമ്രാൻ ഹാഷ്മി അവതരിപ്പിക്കുന്നത്. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ധർമ്മ പ്രൊഡക്ഷൻസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഉടൻ ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന വിവരം. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
“ നിങ്ങളുടെ ഏറ്റവും മികച്ച പുഞ്ചിരി പുറത്തെടുക്കൂ, കാരണം സെൽഫി ഉടൻ ചിത്രീകരണം ആരംഭിക്കും. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും അഭിനേതാക്കൾ, രാജ് മേത്ത സംവിധാനം. ഹിന്ദി സിനിമയുടെ ലോകത്തേക്ക് പൃഥ്വിരാജ് പ്രൊഡക്ഷൻ ചുവടുവെയ്ക്കുന്നതിൽ അഭിമാനം മാജിക് ഫ്രെയിംസ്, ധർമ്മ പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിം എന്നിവയുടെ സഹകരണത്തോടെയാണ് ഞങ്ങളുടെ ആദ്യ ഹിന്ദി പ്രൊഡക്ഷനായ സെൽഫി നിർമ്മിക്കുന്നത്” എന്നാണ് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് കുറിച്ചത്. 9, ഡ്രൈവിംങ് ലൈസൻസ്, കുരുതി, കടുവ, ജനഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രമാണ് സെൽഫി.