മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ ചിത്രം ദൃശ്യം 2 ഇനി ബോളിവുഡിലേക്ക് ( Drishyam 2 Hindi Remake) . നിർമ്മാതാക്കളായ കുമാർ മംഗത്ത് പതക്, അഭിഷേക് പഥക്കിൻറ്റെ പനോരമ സ്റ്റുഡിയോസ് ഇൻറ്റർനാഷണൽ ആണ് ചിത്രത്തിൻറ്റെ ഹിന്ദി റീമേക്ക് അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.
അജയ് ദേവ്ഗൺ മുഖ്യകഥാപാത്രമായെത്തിയ ദൃശ്യത്തിൻറ്റെ ഒന്നാം ഭാഗം ഹിന്ദിയിൽ സൂപ്പർഹിറ്റ് ആയിരുന്നു. തബു, ശ്രിയ ശരൺ എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്തരിച്ച നിഷികാന്ത് കാമത്തായിരുന്നു ദൃശ്യം ആദ്യഭാഗം സംവിധാനം ചെയ്തത്. രണ്ടാം ഭാഗം ജീത്തു ജോസഫ് സംവിധാനം ചെയ്യുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും ഈ കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ചിത്രത്തിൻറ്റെ തെലുങ്ക് റിമേക്ക് ഷൂട്ടിംഗ് പുരോഗമിച്ചുക്കൊണ്ടിരിക്കവേയാണ് ഈ വാർത്തകൾ പുറത്തുവരുന്നത്. 2022 ൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംഗ് 2021 അവസാനത്തോടു കൂടി ആരംഭിക്കുമെന്നാണ് വാർത്തകൾ വരുന്നത്.
2021 ഫെബ്രുവരി 19 നായിരുന്നു ദൃശ്യം 2 മലയാളം പതിപ്പ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ചിത്രമായിരുന്നു ദൃശ്യം 2. ആശിർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. മോഹൻലാലിനുപുറമേ മീന, അൻസിബ, എസ്തേർ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, ഗണേഷ് കുമാർ, സായികുമാർ, അഞ്ജലി നായർ, ദിനേശ് പ്രഭാകർ, ശാന്തി പ്രിയ, ജോയ് മാത്യൂ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദൃശ്യം ഒന്നാം ഭാഗത്തിലെ സംഭവങ്ങൾക്കുശേഷമുള്ള 6-ാം മത്തെ വർഷം മുതലാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. തൻറ്റെ കുടുംബത്തെ സംരക്ഷിക്കുവാൻ വേണ്ടി ജോർജുകുട്ടി എന്ന മോഹൻലാൽ കഥാപാത്രം നടത്തുന്ന പോരാട്ടങ്ങളാണ് രണ്ടാം ഭാഗത്തിൽ.