പൃഥിരാജ് നായകനായ പുതിയ ചിത്രം Cold Case ജൂൺ 30ന് ആമസോൺ പ്രൈമിൽ

2020ൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം പൃഥിരാജ് നായകനായ പുതിയ ചിത്രം Cold Case ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ്. ജൂൺ 30 നാണ് സിനിമയുടെ റിലീസ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏറേ നാളുകൾക്ക് ശേഷം പൃഥിരാജ് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് കോൾഡ് കേസ്.

നേരിട്ട് ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന പൃഥിരാജിൻറ്റെ ആദ്യ ചിത്രം കൂടിയാണിത്. നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിൽ നായകനായ ഇരുൾ എന്ന ചിത്രത്തിന് ശേഷം ആൻറ്റോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

അരുവി, കുട്ടി സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി അതിഥി ബാലൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ലക്ഷ്മി പ്രിയ ചന്ദ്രമൌലി, അനിൽ നെടുമങ്ങാട്, സുചിത്ര പിള്ള, ആത്മയ്യ രാജൻ, ജിബിൻ ഗോപിനാഥ്, പൂജ മോഹൻരാജ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനാഥ് വി നാഥാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, ജോമോൻ ടി ജോൺ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. ചിത്രത്തിൻറ്റെ കലാസംവിധാനം അജയൻ ചാലിശ്ശേരി, എഡിറ്റിംങ് ഷമീർ മുഹമ്മദ്, സംഗീത സംവിധാനം പ്രകാശ് അലക്സ്, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, വിഷ്വൽ ഗോകുൽ ഗോപിനാഥ് എന്നിവർ നിർവ്വഹിക്കുന്നു.

കുരുതി, കടുവ, ജന ഗണ മന എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള പൃഥിരാജ് ചിത്രങ്ങൾ. നിലവിൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ വർക്ക് ചെയ്യുകയാണ് താരം.