സിഐഡി മൂസ രണ്ടാം ഭാഗം ദിലീപിൻറ്റെ ആഗ്രഹമാണ് : ജോണി ആൻറ്റണി

ദിലീപിനെ നായകനാക്കി ജോണി ആൻറ്റണി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് സിഐഡി മൂസ. 2003 ൽ പുറത്തിറങ്ങിയ ചിത്രത്തിൻറ്റെ പുതുമ ഇന്നും നഷ്ടപ്പെട്ടിട്ടില്ല. സിഐഡി മൂസക്ക് രണ്ടാം ഭാഗം വേണം എന്നത് സിനിമ പ്രേമികളുടെയെല്ലാം ആഗ്രഹമാണ്. എന്നാൽ സിഐഡി മൂസക്ക് രണ്ടാം ഭാഗം ഒരുക്കുന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ ജോണി ആൻറ്റണി.
സിഐഡി മൂസക്ക് രണ്ടാം ഭാഗം വേണം എന്നത് ദിലീപിൻറ്റെ ആഗ്രഹമാണ് എന്നാണ് ജോണി ആൻറ്റണി പറയുന്നത്. എന്നാൽ കഥ ഉണ്ടാക്കിയെടുക്കാൻ കുറഞ്ഞത് രണ്ട് വർഷം എങ്കിലും വേണ്ടി വരും. മൂസയുടെ തിരക്കഥകൃത്തുക്കൾ രണ്ടായി പിരിഞ്ഞതും ഒരു ബുദ്ധിമുട്ടാണെന്ന് ജോണി ആൻറ്റണി പറയുന്നു. ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവർ ചേർന്നായിരുന്നു ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

ദിലീപിനെ നായകനാക്കി മൂന്നു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അത്യാവശ്യം ശാസിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ഒരു സഹോദരനെ പോലെ ആണ് ദിലീപ്. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ജോണി ആൻറ്റണി ഇക്കാര്യങ്ങൾ പറഞ്ഞത്.
അടുത്ത ഒരു വർഷത്തേക്ക് ഇനി സിനിമകൾ സംവിധാനം ചെയ്യുന്നില്ലെന്നും ജോണി പറഞ്ഞു. മമ്മൂട്ടിയുടെ ഡേറ്റ് ഉള്ളതാണ് വീണ്ടും സംവിധായകനാകാൻ പ്രേരിപ്പിക്കുന്നത്. ഞാൻ സംവിധാനം ചെയ്ത പത്തു സിനിമകളിൽ നാലിലും മമ്മൂട്ടിയാണു നായകൻ. സംവിധാനം വലിയ ടെൻഷൻ ഉള്ള ജോലിയാണ്. എന്നാൽ അഭിനയം രസകരമാണ്.

ശിക്കാരി ശംഭുവിലാണ് ജോണി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത ഡ്രാമയിലും ഹാസ്യ വേഷം ചെയ്തു. ഇപ്പോൾ ഹോമിലും മികച്ച പ്രകടനമാണ് ജോണി കാഴ്ചവച്ചിരിക്കുന്നത്. പുതിയ ഒമ്പത് സിനിമകളാണ് ജോണിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.