ഒടിടി റിലീസിനൊരുങ്ങി ജിപി നായകനായ പുതിയ ചിത്രം ക്രിസ്റ്റഫർ കൊളംബസ്. മലയാളത്തിന് പുറമേ ഇംഗ്ലീഷിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായി എത്തുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ കൊളംബസ്. ചിത്രത്തിൽ ക്രിസ്റ്റഫർ കൊളംമ്പസ് എന്ന കഥാപാത്രത്തെയാണ് ജിപി അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
നവാഗതനായ പ്രശാന്ത് ശശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ടൊവിനോ തോമസ് തൻറ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ബിഗ് ജെ ഇൻറ്റർനാഷണൽ ലിമിറ്റഡിൻറ്റെ ബാനറിൽ ജിൻസ് വർഗീസാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു സസ്പെൻസ് ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഗാർഡിയൻ മൂവി ഫെയിം നയന എൽസയാണ് നായിക. റോണ ജോ, വിദേശ നടനും സിംങറുമായ നീൽ ലൂക് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിപിയുടെ അനുജത്തിയായാണ് റോണ ചിത്രത്തിൽ വേഷമിടുന്നത്.
കുമ്പാരീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് റോണ. തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ്. ഫെബ്രുവരിയിൽ ഷൂട്ടിംങ് പൂർത്തിയായ ചിത്രത്തിൻറ്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണിപ്പോൾ.
ഫാബിൻ വർഗീസും പ്രശാന്ത് ശശിയും ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം നീൽ ലീ ലൂക്കും ദി എസ്കേപ്പ് മീഡിയം ബാൻഡും ചേർന്ന് നിർവ്വഹിക്കുന്നു. ഛായാഗ്രഹണം ജിഷ്ണു കെ രാജ്, എഡിറ്റിംങ് അയ്യൂബ് ഘാൻ, സൌണ്ട് ബെഞ്ചമിൻ ബെന്നി, കലാസംവിധാനം അനീഷ് സി സി, മേക്കപ്പ് സുയിൻ കൊടകര, വിനോദ് ആൻറ്റണി, വാർത്താപ്രചരണം അയ്യൂബ് ഘാൻ, ഡി എൽ ലിജു എന്നിവരും നിർവ്വഹിക്കുന്നു.