മഞ്ജു വാര്യർ ചിത്രം ചതുർമുഖം ഒടിടി റിലീസിന് | Chathur Mukham OTT RELEASE

മഞ്ജു വാര്യർ ചിത്രം ചതുർമുഖം ഒടിടി റിലീസിനു ഒരുങ്ങുന്നു ( Chathur Mukham OTT RELEASE ). ഒടിടി പ്ലാറ്റ്ഫോമായ സീ 5 ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും വന്നിട്ടില്ല. ഏപ്രിൽ എട്ടിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. എന്നാൽ കോവിഡ് രൂക്ഷമായതോടെ ചിത്രം തിയേറ്ററുകളിൽ നിന്നും പിൻവലിക്കുകയായിരുന്നു. കോവിഡ് കുറയുമ്പോൾ ചിത്രം തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുമെന്നും അന്ന് അറിയിച്ചിരുന്നു.

മലയാളത്തിലെ ആദ്യ ടെക്കോ – ഹോറർ ചിത്രമാണ് ചതുർമുഖം. അടുത്ത കാലത്തു നടന്ന ചില സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ അഭയകുമാർ, അനിൽ കുര്യൻ എന്നിവരാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മഞ്ജു വാര്യരും സണ്ണി വെയ്നുമാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായെത്തുന്നത്. പ്രീസ്റ്റിനു ശേഷം മഞ്ജു വാര്യർ നായികയായെത്തിയ ചിത്രമാണ് ചതുർമുഖം. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സണ്ണി വെയ്നും അഭിനയത്തിൽ തിരിച്ചെത്തിയതും ചതുർമുഖത്തിലൂടെയായിരുന്നു. ഇവർക്കു പുറമേ അലൻസിയർ, നിരഞ്ജന അനൂപ്, കലാഭവൻ ഷാജോൺ, ശ്യാമപ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഡോൺ വിൻസെൻറ്റാണ്. മനു രഞ്ജിത്ത് ആണ് ഗാനരചന. ജിസ്സ് തോമസ് മുവീസിൻറ്റെ ബാനറിൽ ജിസ്സ് തോമസ്, ജസ്റ്റിൻ തോമസ് എന്നിവരും മഞ്ജു വാര്യർ പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ മഞ്ജു വാര്യരും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായഗ്രഹണവും മനോജ് എഡിറ്റിംഗും ചെയ്യുന്നു.