ഭീമൻറ്റെ വഴിയിലേക്ക് എത്തിച്ചേർന്നതിനെപ്പറ്റി ചാക്കോച്ചൻ

കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ഭീമൻറ്റെ വഴി. തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. തൻറ്റെ സ്ഥിരം കഥാപാത്രങ്ങളിൽ നിന്ന് മാറി വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചാക്കോച്ചൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഭീമൻറ്റെ വഴിയെക്കുറിച്ചും തൻറ്റെ കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. കേരള കൌമുദിക്ക് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. എങ്ങനെയാണ് ഭീമൻറ്റെ വഴിയിലേക്ക് എത്തിപ്പെട്ടത് എന്ന ചോദ്യത്തിന് ചാക്കോച്ചൻറ്റെ മറുപടി ഇതായിരുന്നു.
“മറ്റൊരു കഥ പറയാനായിരുന്നു ചെമ്പൻ വന്നത്. പക്ഷേ അത് വളരെ ഡാർക്ക് ആയിട്ടുള്ളൊരു കഥയായിരുന്നു. അതുക്കൊണ്ട് മറ്റൊരു കഥ ആലോചിക്കാം എന്ന് പറഞ്ഞപ്പോഴാണ് ചെമ്പൻ ഭീമൻറ്റെ കഥയുടെ വൺ ലൈൻ പറയുന്നത്. അതിലെ കഥാപാത്രങ്ങളുടെ പേരുകൾ വളരെ വ്യത്യസ്തമായി തോന്നി. കോസ്തേപ്പ്, ഡാർസ്യൂസ്, ഗുലാൻ പോൾ അങ്ങനെ കേട്ട് പരിചയമില്ലാത്ത രസകരമായ പേരുകളും കുറച്ച് സംഭവങ്ങളും പറഞ്ഞിട്ട് ചെമ്പൻ പോയി. പിന്നീട് അത് ഡെവലപ്പ് ചെയ്യാൻ പറഞ്ഞതിൽ നിന്നാണ് ഭീമൻറ്റെ വഴിയുണ്ടാകുന്നത്.”
താൻ പരിശ്രമിച്ച് നേടിയതാണ് ഇപ്പോൾ കിട്ടുന്ന കഥാപാത്രങ്ങളെല്ലാം എന്നും ചാക്കോച്ചൻ വ്യക്തമാക്കി. “എനിക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള കഥകൾ എൻറ്റെ ഭാവനയിൽ വരുന്നതാണ്. അതിനൊരു ലിമിറ്റുണ്ട്. അതിനപ്പുറമുള്ള ഭാവനയുമായാണ് ആൾക്കാർ എൻറ്റെയടുത്ത് വന്ന് കഥ പറയുന്നത്. അപ്പോൾ എനിക്ക് അവരോട് അത് മാറ്റി ഞാൻ പറയുന്നത് പോലെ ചെയ്യൂ എന്ന് പറയേണ്ട കാര്യമില്ല. അവർ ഏറ്റവും മികച്ചതുമായാണ് വരുന്നത്.” അതിൽ താൻ എക്സൈറ്റ്ഡ് ആണെന്നും ചാക്കോച്ചൻ പറഞ്ഞു.