ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം സിബിഐ 5 റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മെയ് ഒന്നിനാണ് തിയേറ്ററുകളിൽ എത്തുന്നത്. സിബിഐ 5: ദ ബ്രെയിൻ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.
ചിത്രത്തിൻറ്റെ സെൻസറിംഗ് പൂർത്തിയായതോടെ ആണ് ചിത്രത്തിൻറ്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. യു/എ സർട്ടിഫിക്കേറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
34 വർഷങ്ങൾക്കു മുമ്പാണ് സേതുരാമയ്യർ ആദ്യഭാഗം പുറത്തിറങ്ങുന്നത്. ഇപ്പോൾ 16 വർഷങ്ങൾക്കു ശേഷമാണ് സേതുരാമയ്യർ വീണ്ടും എത്തുന്നത്. മമ്മൂട്ടിയെ വീണ്ടും സേതുരാമയ്യറായി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയവയായിരുന്നു നേരത്തെ ഇറങ്ങിയ നാലു പതിപ്പുകൾ. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു ഇവ. വീണ്ടും ഒരു ബോക്സ് ഓഫീസ് ഹിറ്റിനു കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. ആദ്യമായിട്ടാണ് ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിന് ഒരേ നടനും സംവിധായകനും തിരക്കഥകൃത്തും വീണ്ടും ഒന്നിക്കുന്നത്.
രഞ്ജി പണിക്കർ, ആശാ ശരത്, അനൂപ് മേനോൻ, സായി കുമാർ, മുകേഷ്, രമേശ് പിഷാരടി, ദിലീഷ് പോത്തൻ, ജഗദീഷ്, സൌബിൻ ഷാഹിർ, മാളവിക നായർ, സുരേഷ് കുമാർ, സുദേവ് നായർ, സ്വാസിക തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്.
കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ നാല് സിബിഐ സിനിമകളുടെയും തിരക്കഥ ഒരുക്കിയ എസ് എൻ സ്വാമി തന്നെയാണ് പുതിയ ചിത്രത്തിൻറ്റയും തിരക്കഥ എഴുതുന്നത്. സ്വർഗചിത്ര പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. അഖിൽ ജോർജ് ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് – ശ്രീകർ പ്രസാദ്.