ബ്രോ ഡാഡി തിയേറ്റർ റിലീസിനോ ?പ്രതികരണവുമായി പൃഥ്വിരാജ്

ലൂസിഫർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ വൻതാരനിരയാണ് അണിനിരക്കുന്നത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻറ്റെ റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ ഈ മാസം 25 മുതൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന പ്രഖ്യാപനം ഉണ്ടായതുമുതൽ ചിത്രം തിയേറ്റർ റിലീസ് ആയിരിക്കുമോ അതോ ഒടിടി റിലീസ് ആയിരിക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.
ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറ്റെ സംവിധായകൻ പൃഥിരാജ്. “അത് ബ്രോ ഡാഡിയുടെ നിർമ്മാതാവ് തീരുമാനിക്കേണ്ട കാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ തിയേറ്റർ റിലീസാണോ ഒടിടി റിലീസാണോ എന്നതിനേക്കാൾ ഞാൻ ആഗ്രഹിക്കുന്നത് പരമാവധി ആളുകൾക്ക് കാണാൻ കഴിയുന്നത് ഏതിലാണോ അങ്ങനെ റിലീസ് ചെയ്യപ്പെടണമെന്നാണ്. എങ്ങനെ വേണമെങ്കിലും ആവട്ടെ. അത് സംബന്ധിച്ച് നിർമ്മാതാവിൻറ്റെ തീരുമാനം എന്താണോ അതിലെനിക്ക് യാതൊരു പരാതിയുമില്ല. ഏറ്റവും കൂടുതൽ ആളുകൾക്ക് സിനിമ കാണാൻ പറ്റണം. ഒരു സംവിധായകൻ എന്ന നിലയിൽ എൻറ്റെ ആഗ്രഹം അതാണ്” എന്നാണ് പൃഥിരാജിൻറ്റെ പ്രതികരണം.

ശ്രീജിത്തും ബിബിനും ചേർന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കുന്നത്. രസകരമായ ഒരു കുടുംബ കഥയാണ് ബ്രോ ഡാഡി. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. ദീപക് ദേവ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് അഖിലേഷ് മോഹൻ. കലാസംവിധാനം ഗോകുൽ ദാസ്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ എന്നിവരും നിർവ്വഹിക്കുന്നു.