‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രത്തിലെ നടൻ സുധീഷിൻറ്റെ വില്ലൻ വേഷത്തെ പ്രശംസിച്ച് ബിജു മോനോൻ. കഴിഞ്ഞ 35 വർഷത്തെ സിനിമാ ജീവിതത്തിൽ ഇതുവരെയും ചെയ്തിട്ടില്ലാത്ത ഒരു വില്ലൻ കഥാപാത്രത്തെ ആണ് സുധീഷ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി സാഗർ ഹരി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘സത്യം മാത്രമേ ബോധിപ്പിക്കൂ’. ചിത്രത്തിലെ സുധീഷിൻറ്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സുധീഷിനു അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ബിജു മേനോൻ.
“ഞങ്ങൾ തമ്മിൽ ഒരുപാട് കാലത്തെ ബന്ധമുണ്ട്. ഓർത്തു പറയാൻ കഴിയാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം. സുധീഷ് എന്ന സഹോദര തുല്യനായ കഥാപാത്രത്തെ അഭിനന്ദിക്കുന്നതിൽ സന്തോഷമുണ്ട്. എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് മനസ്സിൽ എടുത്തു വയ്ക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെ നൽകിയത് സുധീഷ് ആണ്. കഴിഞ്ഞ 35 വർഷത്തെ സിനിമാ ജീവിതത്തിൽ ഓർത്തു വയ്ക്കാനും ഏറ്റവും മികച്ചതെന്ന് പറയുവാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളം.
ഒരു സുഹൃത്തെന്ന നിലയിലും സഹോദരനെന്ന നിലയിലും ഒരേ മേഖലയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകൻ എന്ന നിലയിലും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാൻ ഉപയോഗപ്പെടുത്തട്ടെ. ഇനിയും ഇത്തരത്തിലുള്ള ഒട്ടേറെ കഥാപാത്രങ്ങൾ താങ്കളെ തേടിയെത്തും എന്നുറപ്പാണ്”. ബിജു മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
സാഗർ ഹരി സംവിധാനവും രചനയും നിർവഹിച്ച ചിത്രത്തിൽ മാത്യൂ എന്ന ക്രിമിനോളജിസ്റ്റ് പ്രൊഫസർ ആയിട്ടാണ് സുധീഷ് എത്തിയത്. ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രത്തെ ആണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിച്ചിരിക്കുന്നത്. സ്മൃതി സിനിമാസിൻറ്റെ ബാനറിൽ ബാലമുരളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.