വളരെ സിംപിളായ ഒരു അടിപൊളി മനുഷ്യനാണ് ചാക്കോച്ചനെന്ന് ഭീമൻറ്റെ വഴിയിലെ കിന്നരി

കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ഭീമൻറ്റെ വഴി. കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ കിന്നരി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ശ്യാമ പ്രസാദിൻറ്റെ ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന മേഘ തോമസാണ്. ഇപ്പോഴിതാ തൻറ്റെ സിനിമ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മേഘ.
“ഒരു ഞായാറാഴ്ചയിലെ മറ്റൊരു അഭിനേത്രിയായ സാലി ആ സിനിമ സംവിധായകൻ അഷ്റഫ് ഹംസയ്ക്കേ നിർദേശിച്ചിരുന്നു. ആ സിനിമ കണ്ടിട്ടാണ് അദ്ധേഹം എന്നെ ഭീമനിലേക്ക് കാസ്റ്റ് ചെയ്യുന്നത്. 2020 സെപ്റ്റംബറിൽ അഷ്റഫ് ഹംസ എന്നെ വിളിച്ച് ഡിസംബറിൽ ഫ്രീ ആയിരിക്കുമോ എന്ന് ചോദിച്ചു. കൊവിഡൊക്കെയായി പ്രത്യേകിച്ചു വർക്കുകളൊന്നും ഇല്ലാതെ ഇരിക്കുന്ന സമയത്താണ് അദ്ധേഹം വിളിക്കുന്നത്. വലിയൊരു പ്രതീക്ഷയായിരുന്നു ആ കോൾ. എന്നാൽ പിന്നീട് കുറച്ച് കാലം ആശയവിനിമയം ഒന്നും ഉണ്ടായിരുന്നില്ല ഇതോടെ പ്രതീക്ഷയൊക്കെ ചെറുതായി അസ്തമിച്ചു തുടങ്ങി. പക്ഷേ നവംബറിൽ വിളി വന്നു. ഞാൻ കഥ കേട്ടു. അതിൽ ഭീമനും കിന്നരിയും തമ്മിലുള്ള വളരെ വൈകാരികമായൊരു ഫോൺ സംഭാഷണം ഉണ്ടായിരുന്നു. അത് എന്നെ വല്ലാതെ സ്പർശിച്ചു.” ചാക്കേച്ചനും ചെമ്പൻ വിനോദും ഗിരീഷ് ഗംഗാധരനുമൊക്കെ പ്രൊജക്ടിൻറ്റെ ഭാഗമാണെന്ന് അപ്പോഴാണ് താൻ അറിയുന്നതെന്നും മേഘ വ്യക്തമാക്കി.
ചിത്രത്തിലെ തൻറ്റെ നായകനായ കുഞ്ചാക്കോ ബോബനെക്കുറിച്ചും മേഘ വ്യക്തമാക്കി. “കുട്ടിക്കാലത്തെ തൻറ്റെ ഹീറോയായിരുന്നു ചാക്കോച്ചൻ. പത്ത് ഇരിപത്തിയഞ്ച് കൊല്ലമായി ചലച്ചിത്രമേഖലയിലുള്ള ചാക്കോച്ചനെ പോലെ സീനിയറായിട്ടുള്ള ഒരു ആർട്ടിസ്റ്റിനോട് എങ്ങനെ ഇടപഴകും എന്നതിൽ തനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നെന്നും എന്നാൽ ചാക്കോച്ചൻ ആ ധാരണകളൊക്കെ തെറ്റിച്ചുവെന്നും വളരെ സിംപിളായ ഒരു അടിപൊളി മനുഷ്യനാണ് ചാക്കോച്ചനെന്നും” മേഘ അഭിപ്രായപ്പെട്ടു.