ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രമാണ് മധുരം. ഇപ്പോഴിതാ ‘മധുര’ത്തിലെ ജോജു ജോർജിൻറ്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. സോഷ്യൽ മീഡിയയിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്. നൂറു മാർക്കിൻറ്റെ സിനിമയാണ് മധുരം എന്നാണ് അദ്ദേഹം പറയുന്നത്.
ഒരു ആശുപത്രിയും അവിടുത്തെ ബൈസ്റ്റാൻഡേഴ്സിൻറ്റെയും ജീവിതമാണ് സിനിമയിലൂടെ പറയുന്നത്. ശ്രുതി രാമചന്ദ്രൻ ആണ് ചിത്രത്തിലെ നായിക. കൂടാതെ ഇന്ദ്രൻസ്, നിഖില വിമൽ, അർജ്ജുൻ അശോകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
“ഇന്നലെ രാത്രി കാനഡയിലെ എൻറ്റെ ഒരു സുഹൃത്ത് വിളിച്ച് മധുരം സിനിമ കണ്ടിരുന്നോ ? കുറെ കാലങ്ങൾക്കു ശേഷം മലയാളത്തിൽ സ്വഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു. അതിൻറ്റെ സന്തോഷത്തിലാണ് ഞാൻ എന്നു പറഞ്ഞു. ജോജു ജോർജിൻറ്റെ പടമല്ലേ എന്നു കരുതി, ഇന്ന് എൻറ്റെ വീട്ടിലെ തിയേറ്ററിൽ കണ്ട് ഇറങ്ങിയപ്പോൾ എനിക്കും എൻറ്റെ ഭാര്യക്കും ഇരട്ടി മധുരം നാവിൽ തൊട്ട സ്വാദ് പോലെ തോന്നി.
ഒരാശുപത്രിയിലെ ബൈസ്റ്റാൻഡേഴ്സിൻറ്റെ പിറകിൽ സ്വരുക്കൂട്ടിയെടുത്ത അർത്ഥവത്തായ കഥ. അവിടെ വരുന്നവരുടെ പ്രിയപ്പെട്ടവരെ ചൊല്ലിയുള്ള അങ്കലാപ്പുകളും കിനാവുകളും പ്രതീക്ഷകളും ഒക്കെ കൂട്ടി ഒരു നൂറു മാർക്കിൻറ്റെ സിനിമ. അഹമ്മദ് കൺഗ്രാറ്റ്സ്. മേലിലും നിങ്ങളുടെ സിനിമകൾക്ക് ഈ മധുരം ഉണ്ടാകട്ടെ. ജോജൂ… തൻറ്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടിതടിക്ക് പിറകിൽ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങൾ ഒരു രക്ഷയുമില്ല. ഇനിയും എടുത്ത് എടുത്ത് പറയേണ്ട സന്ദർഭങ്ങൾ നേരിൽ കാണുമ്പോൾ പറയാം.”