വീണ്ടും കാക്കി അണിഞ്ഞ് ടൊവിനോ; ശ്രദ്ധ നേടി ‘അന്വേഷിപ്പിൻ കണ്ടെത്തും’ പോസ്റ്റർ
സൂപ്പർ ഹിറ്റ് ചിത്രം കൽക്കിയ്ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തിൽ ടൊവിനോ തോമസ്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലാണ് ടൊവിനോ വീണ്ടും പോലീസ് ഉദ്യോഗസ്ഥനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറ്റെ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അന്വേഷണങ്ങളുടെ കഥയല്ല മറിച്ച് അന്വേഷകരുടെ ജീവിത കഥയാണ് ചിത്രം പറയുന്നത് എന്ന കുറിപ്പോടെയാണ് സിനിമയുടെ അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
എസ്.ഐ അനന്ത് നാരായണൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിഴൽ മൂവി ഫെയിം ആദ്യ പ്രസാദാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ജിനു വി എബ്രാഹമാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസിൻറ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംങ് സൈജു ശ്രീധറും നിർവ്വഹിക്കുന്നു. തമിഴിൽ നിരവധി ഹിറ്റുകൾ തീർത്ത സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാള സിനിമയിൽ പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
അതേസമയം തല്ലുമാല, വാശി എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് കാത്തിരിക്കുന്ന ടൊവിനോയുടെ ചിത്രങ്ങൾ. ഖാലിദ് റഹ്മാനാണ് തല്ലുമാല സംവിധാനം ചെയ്യുന്നത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. വിഷ്ണു ജി രാഘവൻ ഒരുക്കുന്ന വാശിയാണ് മറ്റൊരു ചിത്രം. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം കീർത്തി സുരേഷ് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.