‘തൻറ്റെ പുതിയ സിനിമ ഒരു ഫീൽ ഗുഡ് സിനിമയല്ല അതൊരു ത്രില്ലർ സിനിമയാണ്, പക്ഷേ ആൻറ്റണി പെപ്പെയുടെ ഇടി കാണാൻ ആരും വരണ്ട: ജിസ് ജോയ്
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ആളാണ് ആൻറ്റണി വർഗീസ്. ടിനു പാപ്പച്ചൻ ഒരുക്കിയ അജഗജാന്തരമാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പെപ്പെയുടെ ചിത്രം. രണ്ട് ചിത്രങ്ങളിലെയും ഫൈറ്റ് സീനുകൾ സോഷ്യൽ മീഡിയയിൽ ഏറേ ശ്രദ്ധ നേടിയിരുന്നു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഇന്നലെ വരെയാണ് ആൻറ്റണിയുടെ പുതിയ ചിത്രം. ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തെക്കുറിച്ചുള്ള നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. ഫീൽ ഗുഡ് മൂവി മാത്രം സംവിധാനം ചെയ്യുന്ന ജിസ് ജോയ്ക്കൊപ്പം പെപ്പെ ഒരുമിക്കുന്നതാണ് ട്രോളുകളുടെ പിന്നിലെ കാരണം. ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന ട്രോളുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ജിസ് ജോയ്. ട്രോളുകളിലൂടെയാണെങ്കിലും നമ്മളെക്കുറിച്ച് കുറച്ചുപേർ ചിന്തിക്കുന്നുവെന്ന് അറിയുന്നത് സന്തോഷമാണെന്നും എവരി പ്രമോഷൻ ഈസ് എ ഗുഡ് പ്രമോഷൻ എന്ന കാഴ്ചപ്പാടാണ് തനിക്കെന്നും ജിസ് ജോയ് വ്യക്തമാക്കി.
തൻറ്റെ പുതിയ സിനിമ ഒരു ഫീൽ ഗുഡ് സിനിമയല്ലെന്നും അതൊരു ത്രില്ലർ സിനിമയാണെന്നും അദ്ധേഹം പറഞ്ഞു. പക്ഷേ ആൻറ്റണി പെപ്പെയുടെ ഇടി കാണാൻ ആരും വരണ്ട. ആൻറ്റണിക്ക് ഈ സിനിമയിൽ ഇടിയില്ലെന്നും ജിസ് ജോയ് വ്യക്തമാക്കി. താനൊരു സമാധാനപ്രിയനാണെന്നും ജിസ് ജോയ് പറഞ്ഞു. പക്ഷേ മുൻ സിനിമകൾ ഫീൽ ഗുഡ് വിഭാഗത്തിൽ പുറത്ത് വന്നത് തികച്ചും ആകസ്മികമാണ്. എന്നാൽ ഇനി വരാനിരിക്കുന്ന സിനിമകൾ കണ്ട് മലയാളികൾ തന്നെക്കുറിച്ച് പഴയ അഭിപ്രായം മാറ്റിപ്പറയുമെന്നും ജിസ് ജോയ് വ്യക്തമാക്കി.
ഇന്നലെ വരെയാണ് ഇനി റിലീസ് ചെയ്യാനുള്ള ജിസ് ജോയുടെ പുതിയ ചിത്രം. ആൻറ്റണി പെപ്പെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ആസിഫ് അലിയും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത മാസമായിരിക്കും സിനിമയുടെ റിലീസെന്നും ജിസ് ജോയ് പറഞ്ഞു. എന്നാൽ തിയേറ്ററിലാണോ ഒടിടിയിലാണോ സിനിമ റിലീസ് ചെയ്യുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ധേഹം വ്യക്തമാക്കി.