പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം പുതിയ ചിത്രവുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. ഗോൾഡ് എന്ന് ആണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. ഒപ്പം അജ്മൽ അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നയൻതാര ആണ് ചിത്രത്തിലെ നായിക.
നേരത്തെ തന്നെ അൽഫോൺസിൻറ്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നവെങ്കിലും സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം അജ്മൽ അമീർ ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയപ്പോഴാണ് ചിത്രത്തിൻറ്റെ പേരു പറഞ്ഞത്. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മുമ്പ് ഫഹദ് ഫാസിലിനെ നായകനാക്കി പാട്ട് എന്ന ചിത്രം അൽഫോൺസ് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ നയൻതാര ആയിരിക്കും നായിക എന്നും അറിയിച്ചിരുന്നു. എന്നാൽ ഈ സിനിമയുടെ ചിത്രീകരണം മാറ്റിവെച്ചാണ് പുതിയ ചിത്രം അൽഫോൺസ് ഒരുക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ആ ചിത്രം തന്നെയാണ് ഇതെന്നും വാർത്തകൾ ഉണ്ട്. ഇൻസ്റ്റഗ്രാം ലൈവിൽ അജ്മൽ ആണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. എന്നാൽ നിർമ്മാതാവിൽ നിന്നോ സംവിധായകനിൽ നിന്നോ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല.
എന്നാൽ വാർത്തകൾ സത്യമാണെങ്കിൽ നയൻതാരയും പൃഥ്വിരാജും ആദ്യമായി ഒരുമിക്കുന്ന ചിത്രമാകും ഇത്. നെട്രികൺ എന്ന ചിത്രത്തിനു ശേഷം അജ്മൽ അമീറും നയൻതാരയും വീണ്ടും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ആണ് ചിത്രം നിർമ്മിക്കുന്നത്. ബ്രോ ഡാഡി എന്ന ചിത്രത്തിൻറ്റെ സംവിധാനത്തിനു ശേഷം പൃഥ്വിരാജ് ഷൂട്ടിംഗിനു ജോയിൻ ചെയ്യും. പ്രേമം റിലീസായി ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് സംവിധാനം ചെയ്യുന്ന ചിത്രം ആണിത്.