രാജമൌലിയുടെ സംവിധാനത്തിൽ നായകനായി അല്ലു അർജുൻ

സംവിധായകൻ രാജമൌലിയുടെ പുതിയ ബിഗ് ബജറ്റ് ചിത്രത്തിൽ നായകനായി അല്ലു അർജുൻ. ചിത്രത്തെക്കുറിച്ച് അല്ലു അർജുനുമായി രാജമൌലി സംസാരിച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന രാജമൌലി – മഹേഷ് ബാബു ചിത്രത്തിന് ശേഷമായിരിക്കും അല്ലു അർജുനുമായുള്ള ചിത്രത്തിൻറ്റെ ഷൂട്ടിംങ് ആരംഭിക്കുകയെന്ന് പിങ്ക് വില്ല കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രാജമൌലിയോടൊപ്പം അച്ഛൻ കെ.വി വിജയേന്ദ്രനും ചിത്രത്തിൻറ്റെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച് അല്ലു അർജുനും രാജമൌലിയും ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
അതേസമയം രാജമൌലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആർആർആർ ആണ് ഇനി റിലീസ് കാത്തിരിക്കുന്ന രാജമൌലിയുടെ ചിത്രം. പ്രഖ്യാപനസമയം മുതൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറയുന്ന ചിത്രമാണ് ആർആർആർ. എൻ ടി രാമ റാവു ജൂനിയർ, രാംചരൺ, അജയ് ദേവഗൺ, ആലിയ ഭട്ട്, ബൊളീവിയ മോറിസ്, അലിസൺ ഡൂഡി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിവിവി എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ ഡി വി വി ദാനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്.
പുഷ്പയാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത അല്ലു അർജുൻറ്റെ ചിത്രം. സുകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ രാശ്മിക മന്ദാനയാണ് നായികയായി എത്തിയത്. ഉൾക്കാടുകളിൽ ചന്ദനക്കൊള്ള നടത്തുന്ന കള്ളകടത്തുകാരൻ പുഷ്പ രാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ സിനിമയിൽ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.