ആർആർആർ വളരെ മികച്ച ചിത്രം; രാംചരണിൽ അഭിമാനിക്കുന്നു;ചിത്രത്തിന് പ്രശംസയുമായി അല്ലു അർജുൻ
പ്രഖ്യാപനസമയം മുതൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് എസ്.എസ് രാജമൌലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആർആർആർ. കാത്തിരിപ്പുകൾക്ക് വിരാമമിട്ടുക്കൊണ്ട് ആർആർആർ കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് നടൻ അല്ലു അർജുൻ. എല്ലാവരും വളരെ ഗംഭീരമായ പ്രകടനമാണ് കാഴ്ച വെച്ചത്. എല്ലാം കൊണ്ടും ആർആർആർ വളരെ മികച്ച ഒരു സിനിമയാണ്. രാം ചരൺ തൻറ്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ച വെച്ചിരിക്കുന്നത്. രാം ചരണിൻറ്റെ പ്രകടനം കണ്ട് അഭിമാനം തോന്നിയെന്നും അല്ലു അർജുൻ ട്വിറ്ററിൽ കുറിച്ചു.
അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറയുന്ന ചിത്രമാണ് ആർആർആർ. എൻ ടി രാമ റാവു ജൂനിയർ, രാംചരൺ, അജയ് ദേവഗൺ, ആലിയ ഭട്ട്, ബൊളീവിയ മോറിസ്, അലിസൺ ഡൂഡി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു.
ഡിവിവി എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ ഡി വി വി ദാനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ കഥ കെ വി വിജയേന്ദ്ര പ്രസാദ്, സംഭാഷണം സായ് മാധവ് ബുറ എന്നിവരാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം കെ കെ സെന്തിൽ, സംഗീതം എം എം കീരവാനി, എഡിറ്റിംങ് എ ശ്രീകർ പ്രസാദ് എന്നിവർ നിർവ്വഹിക്കുന്നു. ലൈകാ പ്രൊഡക്ഷൻസും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിൻറ്റെ വിതരണം.