ട്രിപ്പിൾ റോളിൽ ടൊവീനോ. ചിത്രം അജയൻറ്റെ രണ്ടാം മോഷണം.

ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ടൊവീനോ. ടൊവീനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അജയൻറ്റെ രണ്ടാം മോഷണം. ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറ്റെ വർക്കിംഗ് സ്റ്റിൽ കഴിഞ്ഞ ദിവസം ജിതിൻ ലാൽ തന്നെ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ ട്രിപ്പിൾ റോളിൽ ആയിരിക്കും ടൊവീനോ എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് അജയൻറ്റെ രണ്ടാം മോഷണം. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ മണിയൻ, കുഞ്ഞിക്കേളൂ, അജയൻ എന്നിങ്ങനെ മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളായിട്ടാണ് ടൊവീനോ എത്തുന്നത്.

സുജിത് നമ്പ്യാർ ആണ് ചിത്രത്തിൻറ്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. കണ്ണൂർ, കാസർഗോഡ്, വയനാട് എന്നിവടങ്ങളാണ് ചിത്രത്തിൻറ്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. ധിബു നിനൻ തോമസ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ടൊവീനോ തോമസും ജിതിൻ ലാലും ഇതിനുമുമ്പും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ടൊവീനോയുടെ കൽക്കി, ഗോദ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടർ കൂടി ആയിരുന്നു ജിതിൻ ലാൽ.

മനു അശോകൻ സംവിധാനം ചെയ്ത കാണെക്കാണെ ആണ് ടൊവീനോയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. അലൻ എന്ന കഥാപാത്രത്തെ ആണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിച്ചത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

അതേസമയം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മിന്നൽ മുരളി ആണ് ടൊവീനോയുടെ ഇനി റിലീസാകാനുള്ള ചിത്രം. ഒടിടി റിലീസ് ആയിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ എന്ന വിശേഷണവും ചിത്രത്തിനുണ്ട്.