പഴുവൂർ റാണിയായി ഐശ്വര്യ റായ്; 12 വർഷങ്ങൾക്ക് ശേഷം തമിഴിൽ വീണ്ടും
മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൽ സെൽവനിലൂടെ വീണ്ടും തമിഴിലേക്ക് തിരിച്ചെത്തി ഐശ്വര്യ റായ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ നോവലിനെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തിൽ പഴുവൂർ റാണി നന്ദിനി ആയിട്ടാണ് ഐശ്വര്യ റായ് എത്തുന്നത്. ചോള രാജവായിരുന്ന അരുൾ മൊഴി വർമ്മനെക്കുറിച്ചുള്ള നോവലാണിത്. ചിത്രത്തിലെ ഐശ്വര്യ റായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമയുടെ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. പ്രതികാരത്തിന് മനോഹരമായ ഒരു മുഖമുണ്ട് എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ഐശ്വര്യ റായ് എത്തുന്നത് എന്നാണ് സൂചന.
2010ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം എന്തിരനാണ് ഐശ്വര്യ റായ് ഏറ്റവും അവസാനം അഭിനയിച്ച തമിഴ് ചിത്രം. 12 വർഷങ്ങൾക്ക് ശേഷം ഐശ്വര്യ റായ് തിരിച്ചെത്തുന്ന തമിഴ് ചിത്രം കൂടിയാണിത്.ഏകദേശം 500 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ ചിയാൻ വിക്രം, കാർത്തി, തൃഷ, ജയംരവി, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രഭു, ലാൽ, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ആദിത്യ കരികാലനായാണ് ചിയാൻ വിക്രം ചിത്രത്തിൽ വേഷമിടുന്നത്. വന്തിയ തേവനെയാണ് കാർത്തി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇരുവരുടെയും പോസ്റ്ററിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സെപ്റ്റംബർ 30നാണ് ചിത്രത്തിൻറ്റെ റിലീസ്. മണിരത്നത്തിൻറ്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിന് പുറമേ ഹിന്ദിയിലും, തെലുങ്കിലും, മലയാളത്തിലും, കന്നഡയിലും ചിത്രം പ്രദർശനത്തിന് എത്തുന്നതാണ്.