വിക്രമിലെ ‘ഏജൻറ്റ് ടീന’ ഇനി മലയാളത്തിൽ; അരങ്ങേറ്റം മമ്മൂട്ടി ചിത്രത്തിലൂടെ
കമൽഹാസൻ – ലോകേഷ് കനകരാജ് ചിത്രം വിക്രമിലൂടെ പ്രേക്ഷക ശ്രേദ്ധ നേടിയ കഥാപാത്രമാണ് ഏജൻറ്റ് ടീന. തമിഴിലെ പ്രമുഖ ഡാൻസറായ വാസന്തിയാണ് സിനിമയിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും താരം എത്തുകയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം വാസന്തിയും എത്തുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള വാസന്തിയുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
മോഹൻലാൽ നായകനായി എത്തിയ ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഏറേ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്നത്. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ഇതുവരെയും ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. വിനയ് റായ് ആണ് ചിത്രത്തിലെ പ്രതിനായകനായി എത്തുന്നത്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രാഹം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഓപ്പറേഷൻ ജാവ എന്ന ചിത്രമൊരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിനു സംഗീതം നൽകുന്നത്. എഡിറ്റിംഗ് – മനോജ്, കലാസംവിധാനം – ഷാജി നടുവിൽ. വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ. ചമയം – ജിതേഷ് പൊയ്യ. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളാണ് ചിത്രത്തിൻറ്റെ പ്രധാന ലൊക്കേഷനുകൾ. ആർ ഡി ഇല്യൂമിനേഷൻസിൻറ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അരോമ മോഹൻ ആണ് നിർമ്മിക്കുന്നത്.