സംവിധായകൻ ശങ്കറിൻറ്റെ മകൾ അതിഥി ശങ്കർ സിനിമയിലേക്ക്; അരങ്ങേറ്റം കാർത്തിയുടെ നായികയായി

തെന്നിന്ത്യൻ സംവിധായകൻ ശങ്കറിൻറ്റെ ഇളയ മകൾ അതിഥി ശങ്കർ സിനിമയിലേക്ക്. എം മുത്തയ്യ സംവിധാനം ചെയ്യുന്ന വിരുമൻ എന്ന ചിത്രത്തിലൂടെയാണ് അതിഥി തൻറ്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കാർത്തി നായകനായി എത്തുന്ന ചിത്രത്തിൽ നായിക ആയാണ് അതിഥി എത്തുന്നത്. 2ഡി എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ താരദമ്പതികളായ സൂര്യയും ജോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം 18 മുതൽ തേനിയിൽ ആരംഭിക്കുമെന്നാണ് സൂചന.
കൊമ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ എം മുത്തയ്യയും കാർത്തിയും ഒരുമിക്കുന്ന ചിത്രമാണ് വിരുമൻ. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ഒരു ആക്ഷൻ എൻറ്റർടൈൻമെൻറ്റാണന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ കാർത്തിക്കും അതിഥിക്കും പുറമേ കിരൺ, പ്രകാശ് രാജ്, സൂരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തെന്നിന്ത്യയിലെ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് സൂചന.
അതിഥി ശങ്കറിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി നിർമ്മതാവ് സൂര്യയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തിലെ അതിഥിയുടെ ക്യാരക്ടർ പോസ്റ്ററും സിനിമയുടെ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നേരത്തെ കാർത്തി നായകനായി എത്തിയ പരുത്തിവീരൻ, പയ്യ, ഞാൻ മഹാൻ അല്ല എന്നീ ചിത്രങ്ങളുടെ സംഗീത സംവിധാനവും യുവൻ നിർവ്വഹിച്ചിട്ടുണ്ട്. എട്ട് വർഷത്തിന് ശേഷം യുവൻ ഒരു കാർത്തി ചിത്രത്തിന് സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും വിരുമനുണ്ട്. എസ് കെ ശെൽവകുമാർ ചിത്രത്തിൻറ്റെ ഛായാഗ്രഹണവും സി കെ അജയ് കുമാർ വാർത്താപ്രചരണവും നിർവ്വഹിക്കുന്നു. സിനിമയിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.